ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്; 181 യാത്രക്കാരുമായി ആദ്യ വിമാനം എത്തി

തിരുവനന്തപുരം: 181 പ്രവാസികളുമായി തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം എത്തി. ദോഹയില്‍ നിന്ന്എത്തിയ വിമാനം പുലര്‍ച്ചെ 12.50നാണ് ലാന്‍ഡ് ചെയ്തത്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനമാണ് പുലര്‍ച്ചെ 12.50 ന് എത്തിയത്.

23 കുട്ടികളും 14 ഗര്‍ഭിണികളും 60 വയസ്സിന് മുകളില്‍ പ്രായമുള്ള 25 പേരും അടങ്ങുന്ന സംഘമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രവാസികളെ പരിശോധിക്കുന്നതിനായി വിപുലമായ സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നു. സ്‌ക്രീനിംഗ്, എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധന, ബാഗേജ് നീക്കം എന്നിവയൊക്കെ കര്‍ശന സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു അവരെ നിരീക്ഷണത്തിലേക്ക് മാറ്റിയത്. സംസ്ഥാനത്തെ 12 ജില്ലകളില്‍ നിന്നുള്ളവരാണ് തിരുവനന്തപുരത്ത് എത്തിയത്. ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലം സ്വദേശികളാണ്.

20 പേരുടെ സംഘമായാണ് തെര്‍മല്‍ പരിശോധന നടത്തിയത്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. ജില്ലകള്‍ തിരിച്ചാണ് യാത്രക്കാരെ പുറത്ത് എത്തിച്ചത്. യാത്രക്കാരെ കൊണ്ടുപോകാന്‍ 14 കെ എസ് ആര്‍ ടി സി ബസുകള്‍ സജ്ജമായിരുന്നു. അടിയന്തര ചികിത്സയ്ക്കായി എത്തിയ ഒരു കര്‍ണാടക സ്വദേശിയും ഒരു മഹാരാഷ്ട്ര സ്വദേശിയും സംഘത്തില്‍ ഉണ്ടായിരുന്നു. 18 തമിഴ്നാട് സ്വദേശികളും ഉണ്ട്. ഇവരെ നാട്ടിലെത്തിക്കാനായി തമിഴ്നാട്ടില്‍ നിന്നുള്ള പ്രത്യേക ബസ് വിമാനത്താവളത്തില്‍ എത്തിയിരുന്നു.

Top