പ്രവാസികളുടെ മടക്കം; നാളെ നിശ്ചയിച്ചിരുന്ന ദോഹ-കൊച്ചി വിമാനം ശനിയാഴ്ചത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: ലോക്ഡൗണില്‍ വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി നാളെ നിശ്ചയിച്ചിരുന്ന ദോഹ-കൊച്ചി വിമാനം ശനിയാഴ്ചത്തേക്ക് മാറ്റി.

നാളെ രാത്രി 10.45 ഓടെ കൊച്ചിയിലെത്തേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. ജീവനക്കാരുടെ കോവിഡ് പരിശോധന ഫലം വൈകുന്നതാണ് ഇതിന് കാരമണമെന്നാണ് ലഭിക്കുന്ന സൂചന.

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് പുറപ്പെടുന്ന വിമാനങ്ങളിലെ ജീവനക്കാര്‍ക്ക് ആരോഗ്യ പരിശോധനകള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ച മറ്റു വിമാന സര്‍വ്വീസുകളിലും മാറ്റം വന്നേക്കുമെന്നാണ് സൂചന.

നാളെ എയര്‍ഇന്ത്യ എക്‌സ്പ്രസ് കേരളത്തിലേക്ക് മൂന്ന് സര്‍വ്വീസ് നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അബുദാബി-കൊച്ചി വിമാനം രാത്രി 9.40നും, ദോഹ-കൊച്ചി വിമാനം രാത്രി 10.45നും, ദുബായ്-കോഴിക്കോട് വിമാനം രാത്രി 9.40നും എത്തിച്ചേരുമെന്നാണ് അറിയിച്ചിരുന്നത്. ഇതില്‍ ദോഹ-കൊച്ചി വിമാനമാണ് ഇപ്പോള്‍ റദ്ദാക്കിയത്. മറ്റു രണ്ടു വിമാനങ്ങളുടെ സമയത്തില്‍ ഇതുവരെ ഒരു മാറ്റവുമില്ല.

ഇതിനിടെ വിമാനങ്ങളിലെ യാത്രക്കാരുടെ എണ്ണം കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓരോ വിമാനത്തിലും 200 യാത്രക്കാരെ കൊണ്ടുവരുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലെ സൗകര്യങ്ങളും പരിഗണിക്കുമ്പോള്‍ പരമാവധി 160 യാത്രക്കാരെ മാത്രമേ കൊണ്ടുവരാനാകൂ. വിമാനത്തില്‍ കയറുന്നതിന് മുമ്പായി പ്രവാസികള്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ് മാത്രമാണ് നടത്തുക.

Top