ദോഹ മെട്രോ പദ്ധതി ; 70 ശതമാനത്തോളം പൂര്‍ത്തിയായതായി ഗതാഗത വാര്‍ത്താവിതരണ മന്ത്രി

ദോഹ: ദോഹ മെട്രോ പദ്ധതി 70 ശതമാനത്തോളം പൂര്‍ത്തിയായതായി ഗതാഗത-വാര്‍ത്താവിതരണ മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈതി.

16 ട്രെയിനുകള്‍ ഇതു വരെ രാജ്യത്തെത്തിയിട്ടുണ്ടെന്നും, ചില മേഖലകളില്‍ ഈ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെസ്റ്റ് ബേയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഖത്തര്‍ റെയില്‍ ട്രാന്‍സ്‌പോര്‍ട്ട് എജ്യുക്കേഷണല്‍ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

ട്രെയിനുകളുടെ പരീക്ഷണ ഓട്ടങ്ങള്‍ക്ക് ഒന്നോ രണ്ടോ വര്‍ഷമെടുക്കുമെന്നും, ദോഹ മെട്രോ പദ്ധതിയുടെ സുരക്ഷയും പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും മികച്ചതാണെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

2020 ഓടെ മാത്രമേ ഔദ്യോഗികമായി സര്‍വ്വീസ് ആരംഭിക്കുകയുള്ളൂവെങ്കിലും അതിലും നേരത്തെ പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top