നടക്കാനാകുന്നില്ല: മൃഗാശുപത്രിയിലെത്തി സ്വയം ഡോക്ടറെ കണ്ട് തെരുവ് നായ

ബ്രസീലിയ: മൃഗാശുപത്രിയിലെത്തി തന്റെ കാലിലെ പരിക്ക് ഡോക്ടറെ കാണിച്ച് ചികിത്സ നേടി തെരുവ് നായ. കാലിനേറ്റ പരിക്കിനെ തുടർന്ന് നടക്കാൻ സാധിയ്ക്കാതെ ബുദ്ധിമുട്ടിയ നായയാണ് സ്വയം ആശുപത്രിയിലെത്തിയത്. ബ്രസീലിയൻ മുൻസിപ്പാലിറ്റിയായ ജസീറോയിലാണ് സംഭവം. ആശുപത്രിയിൽ എത്തുന്ന നായ ഡോക്ടറെ കാണാൻ തിരക്ക് കുറയുന്നത് വരെ കാത്തിരിക്കുന്നതും പിന്നീട് ഡോക്ടറുടെ സമീപത്തേയ്ക്ക് ചെല്ലുന്നതും ആശുപത്രിയുടെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

അകത്ത് പ്രവേശിച്ച നായ നിലത്ത് ഇരുന്ന് പരിക്കേറ്റ കാൽ ഉയർത്തിക്കാണിക്കുന്നതും വീഡിയോയിൽ കാണാം. ഇത് ശ്രദ്ധയിൽപ്പെട്ട ഡോക്ടർ നായയുടെ അടുത്തേയ്ക്ക് ചെല്ലുകയും നായയെ പരിശോധിക്കുകയുമായിരുന്നു. നായയുടെ കാലിൽ ആണി തറഞ്ഞിരിക്കുകയായിരുന്നുവെന്ന് ഡോക്ടർ അറിയിച്ചു. തുടർന്ന് മുറിവ് വച്ചുകെട്ടി ചികിത്സിക്കുകയും ചെയ്തു. ആശുപത്രിയിൽ വരുമ്പോൾ നായയ്ക്ക് അമിത രക്ത സ്രാവവും ഉണ്ടായിരുന്നു.

ആശുപത്രിയിൽ കാലിലെ പരിക്ക് കാണിക്കാനാണ് എത്തിയിരുന്നതെങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ തെരുവ് നായകളിൽ കണ്ടുവരുന്ന അർബുദവും കണ്ടെത്തി. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വളർത്തു നായകൾ ക്ലിനിക്കിൽ വരുന്നതിനാൽ അവയുടെ ഗന്ധം തിരിച്ചറിഞ്ഞാവാം ഈ തെരുവ് നായ ആശുപത്രിയിലെത്തിയതെന്ന് ഡോക്ടർ പറഞ്ഞു.

Top