തിരുവനന്തപുരത്ത് വളര്‍ത്തുനായയെ കൊന്ന സംഭവം; കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശം നൽകി ഹൈക്കോടതി

തിരുവനന്തപുരം: അടിമലത്തുറയില്‍ വളര്‍ത്തു നായയെ ചൂണ്ടയില്‍ കൊരുത്ത് തല്ലിക്കൊന്ന സംഭവത്തില്‍ എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങണമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയ ഹൈക്കോടതി പത്ത് ദിവസത്തിനകം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടു. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.

ജസ്റ്റിസ് എ.കെ ജയങ്കരന്‍ നമ്പ്യാരുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസാണ് ഇന്നലെ കേസ് എടുക്കാന്‍ നിര്‍ദേശിച്ചത്. ഇന്ന് കേസ് പരിഗണിച്ച ഹൈക്കോടതി സംഭവത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു. ഇതോടെ സംഭവത്തില്‍ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനോട് പത്ത് ദിവസത്തിനകം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാനും ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തില്‍ അനിമല്‍ വെയര്‍ഫെയര്‍ ബോര്‍ഡിനോടും വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മൃഗാശുപത്രികളിലെ നിലവിലെ സൗകര്യങ്ങള്‍ ഹൈക്കോടതിയെ ബോര്‍ഡ് അറിയിക്കണം. തെരുവില്‍ അലയുന്ന മൃഗങ്ങളുടെ സംരക്ഷണം പ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം മൃഗങ്ങളെ ദത്തെടുക്കാനായി പ്രത്യേക ക്യാമ്പുകളടക്കം സജ്ജീകരിക്കുന്നത് അഭികാമ്യമായിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ബോധവത്ക്കരണം നടത്തണമെന്നും കാലാവധി കഴിഞ്ഞ സംസ്ഥാന അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും കോടതി ഉത്തരവിട്ടു.

 

Top