നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോയുടെ അടിയില്‍പ്പെട്ട് വനിതാ ഡ്രൈവര്‍ മരിച്ചു

വെളിയനാട്: തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍ പെട്ടു വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. നായ കുറുകെ ചാടിയപ്പോള്‍ നിയന്ത്രണ നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. ഉഴവൂര്‍ ടൗണ്‍ സ്റ്റാന്‍ഡില്‍ 6 വര്‍ഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന കരുനെച്ചി ശങ്കരാശ്ശേയില്‍ വിജയമ്മ (54) ആണ് വെളിയന്നൂര്‍ മംഗലത്താഴം റോഡില്‍ പടിഞ്ഞാറ്റെപ്പീടിക ഭാഗത്തു ഉണ്ടായ അപകടത്തില്‍ മരിച്ചത്. ഭര്‍ത്താവ് സോമന്‍.

ഇന്നു രാവിലെ ഉഴവൂരില്‍ നിന്നു 2 അതിഥി തൊഴിലാളികളെ കയറ്റി കൂത്താട്ടുകുളം ഭാഗത്തേക്കു പോകുമ്പോഴായിരുന്നു അപകടം. റോഡില്‍ തെറിച്ചു വീണ വിജയമ്മയുടെ ദേഹത്തേക്കാണു ഓട്ടോറിക്ഷ മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഓട്ടോയില്‍ യാത്ര ചെയ്ത അതിഥി തൊഴിലാളികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കുടുംബശ്രീ വായ്പയിലൂടെ സ്വയംതൊഴില്‍ കണ്ടെത്താന്‍ വാങ്ങിയ ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ 6 വര്‍ഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന വിജയമ്മ എല്ലാ ദിവസവും പുലര്‍ച്ചെ തന്നെ സ്റ്റാന്‍ഡില്‍ എത്താറുണ്ട്. വിജയമ്മയുടെ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. പെയിന്റിങ് തൊഴിലാളിയായ ഭര്‍ത്താവ് സോമന് ഏതാനും മാസങ്ങളായി തൊഴില്‍ ദിനങ്ങള്‍ കുറവാണ്. മക്കള്‍: ശ്രീജ, ശ്രുതി. മരുമക്കള്‍ : സജിനു (ഇലഞ്ഞി), ഷാല്‍ (മൂവാറ്റുപുഴ).

Top