കണ്ണൂരിലെ ട്രെയിൻ തീവയ്പ്പ് കേരളത്തിനുള്ള മുന്നറിയിപ്പോ ? തീവ്രവാദികളെ പിടികൂടാൻ കേന്ദ്രസംഘവും രംഗത്ത്

ന്യൂഡൽഹി: കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തെ അതീവ ഗൗരവമായി കണ്ട് കേന്ദ്ര സർക്കാർ. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യും പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയാണ്. പ്രതിയുമായി ബന്ധപ്പെട്ട കേരള പൊലീസിന്റെ നിഗമനങ്ങളേക്കാൾ, വലിയ ലക്ഷ്യം മുൻ നിർത്തിയാണ് കേന്ദ്ര ഏജൻസികൾ നീങ്ങുന്നത്. നിലവില്‍ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ അന്വേഷണം നടത്തു എന്‍.ഐ.എ സംഘം തന്നെയാണ് ഇനി പുതിയ കേസിലും അന്വേഷണം നടത്തുക. ഈ കേസിലും ഉടൻ തന്നെ യു.എ.പി.എ ചുമത്താനാണ് നീക്കം. ഇക്കാര്യത്തിൽ കേരള സർക്കാറിന്റെ ഭാഗത്തു നിന്നും വൈകിപിക്കുന്ന നിലപാടുണ്ടായാൽ അതിനെ മറികടക്കാൻ തന്നെയാണ് കേന്ദ്ര ഏജൻസികളുടെ തീരുമാനം. എലത്തൂരില്‍ തീവെപ്പുണ്ടായ അതേ ട്രെയിനിലാണ് കണ്ണൂരില്‍ തീപ്പിടിത്തമുണ്ടായതെന്നത് സംഭവത്തിലെ ദുരൂഹതകൾ മാത്രമല്ല ഗൗരവവും വർദ്ധിപ്പിച്ചിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ തീപ്പിടിത്തമുണ്ടായത്. ട്രെയിനിന്റെ പിറകിലുള്ള ജനറല്‍കോച്ചിലാണ് തീ ആളിപ്പടര്‍ന്നത്. ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചു. തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ മറ്റുകോച്ചുകള്‍ വേര്‍പ്പെടുത്തിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

പുലര്‍ച്ചെ ഒന്നേകാലോടെയാണ് ട്രെയിനിലെ തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടതെന്നായിരുന്നു സംഭവം ആദ്യം കണ്ട റെയില്‍വേ പോര്‍ട്ടര്‍മാരുടെ പ്രതികരണം. ”ഒന്നേകാലിനാണ് സംഭവം കണ്ടത്. ആദ്യം പുക കണ്ടു. എന്താണെന്ന് ആദ്യം മനസിലായില്ല. മാലിന്യം കത്തിച്ചതാണെന്നാണ് കരുതിയത്. അല്പസമയത്തിന് ശേഷം കോച്ചില്‍നിന്ന് തീ വരുന്നത് കണ്ടു. ഇതോടെ സ്റ്റേഷന്‍ അധികൃതരെ വിവരമറിയിച്ചു. സൈറണ്‍ മുഴക്കി. അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. ഒരുമണിക്കൂറോളം കോച്ച് നിന്ന് കത്തി. അതിനുശേഷമാണ് തീ പൂര്‍ണമായും അണയ്ക്കാനായത്”- റെയില്‍വേ പോര്‍ട്ടര്‍മാര്‍ പറയുന്നു. ഒരുകോച്ച് മുഴുവന്‍ ഇങ്ങനെ കത്തണമെങ്കില്‍ എന്തെങ്കിലും ഇന്ധനമോ സ്ഫോടകവസ്തുവോ ഉപയോഗിച്ചിട്ടുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. വിശദാംശങ്ങൾ പലതും അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.

തീപ്പിടിത്തമുണ്ടായ യാര്‍ഡില്‍നിന്ന് മീറ്ററുകള്‍ക്ക് അകലെയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഇന്ധന ഡിപ്പോയുള്ളത്. ഇവിടെനിന്നുള്ള സിസിടിവി ക്യാമറകളില്‍നിന്നാണ് ട്രെയിനിന് സമീപത്തുകൂടെ ഒരാള്‍ പോകുന്ന ദൃശ്യങ്ങളും പിന്നീട് ലഭിച്ചിരുന്നത്. എന്നാല്‍ ദൃശ്യങ്ങളില്‍ വ്യക്തതയുണ്ടായിരുന്നില്ല.

.എലത്തൂരിലെ ട്രെയിന്‍ തീവെപ്പിന് രണ്ടുമാസം തികയുന്ന വേളയില്‍ അതേ ട്രെയിനില്‍ തന്നെ വീണ്ടും തീപ്പിടിത്തമുണ്ടായതാണ് അടിമുടി ദുരൂഹതയുണര്‍ത്തുന്നതാണ്. എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് തീവ്രവാദബന്ധമുണ്ടെന്ന് ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്. അതു കൊണ്ടു തന്നെ കണ്ണൂരിൽ സംഭവിച്ചതും ഇതിന്റെ തുടർച്ചയായാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിഗമനം.
രണ്ടുമാസത്തിനിടെ ഒരേ ട്രെയിനില്‍ സമാനരീതിയിലുള്ള സംഭവങ്ങളുണ്ടാകുന്നത് അതീവ ഗുരുതരമാണെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.

ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോയ്ക്ക് സമീപമാണ് എലത്തൂരില്‍ ട്രെയിനില്‍ തീവെപ്പുണ്ടായിരുന്നത്. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് എലത്തൂരിലെ പെട്രോളിയം ഡിപ്പോയ്ക്ക് സമീപമെത്തിയപ്പോളാണ് അക്രമി ട്രെയിനില്‍ തീവെച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ കണ്ണൂരില്‍ തീപ്പിടിത്തമുണ്ടായ സ്ഥലത്തിന് സമീപവും മറ്റൊരു പെട്രോളിയം ഡിപ്പോ സ്ഥിതിചെയ്യുന്നുവെന്നതാണ് അന്വേഷണ ഉദ്ദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുന്നത്. കണ്ണൂരില്‍ ട്രെയിനിന് തീപ്പിടിച്ച സ്ഥലത്തുനിന്ന് ഏതാനും മീറ്ററുകള്‍ക്ക് അകലെയായി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഇന്ധനസംഭരണ ശാലയാണുള്ളത്. കേരളത്തിൽ വലിയ രൂപത്തിലുള്ള തീവ്രവാദ ആക്രമണത്തിന്റെ സൂചനയാണോ ഇതെന്ന ഭയം ഇപ്പോൾ ജനങ്ങൾക്കിടയിലും പരിഭ്രാന്തി പരത്തിയിട്ടുണ്ട്

Top