ജൂതനായ സെലൻസ്ക്കിക്കു വേണ്ടി നിലകൊള്ളുന്ന ഇസ്രയേലിന്, ജോസഫ് സ്റ്റാലിൻ ആരെന്ന് അറിയാമോ ?

ഷ്യ യുക്രെയിനിൽ നടത്തുന്നത് ആ രാജ്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് അവകാശപ്പെടുന്ന അമേരിക്ക സ്വന്തം ചിറകിനടിയിലെ ഇസ്രയേൽ പലസ്തീനിലും ഇറാനിലും നടത്തുന്ന ആക്രമണത്തെ കുറിച്ചും ലോകത്തോട് മറുപടി പറയേണ്ടതുണ്ട്. ഇസ്രയേൽ പറയുന്നത് അവരുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതിനാണ് തങ്ങളുടെ ഈ പോരാട്ടമെന്നാണ് ഇത് പൂർണ്ണമായും അംഗീകരിച്ചാണ് നാറ്റോ കക്ഷികളായ അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൺ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളും നിലവിൽ നിലപാട് സ്വീകരിച്ചിരിക്കുന്നത്. അതേസമയം മുൻപ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയിൻ നാറ്റോ സഖ്യത്തിൽ ചേർന്നാൽ ഉണ്ടാകുന്ന ഭീഷണി മുൻനിർത്തിയാണ് റഷ്യയും യുക്രെയിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്നതും നാം തിരിച്ചറിയേണ്ടതുണ്ട്.

റഷ്യയോട് ചേർന്നു കിടക്കുന്ന യുക്രെയിനിൽ അമേരിക്കൻ മിസൈലുകൾ വിന്യസിച്ചാൽ അത് റഷ്യയ്ക്ക് ഉയർത്തുന്നത് വൻ ഭീഷണി തന്നെയാണ്. അതായത് പാക്ക് അധീന കശ്മീരിൽ ചൈന മിസൈലുകൾ സ്ഥാപിച്ചാൽ ഇന്ത്യ എങ്ങനെ പ്രതികരിക്കുമോ അതു തന്നെയാണ് റഷ്യയും ഇപ്പോൾ ചെയ്തിരിക്കുന്നത്. മര്യാദയുടെ ഭാഷയിലാണ് നാറ്റോ സഖ്യത്തിൽ ചേരരുത് എന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആ മുന്നറിയിപ്പ് പാടെ അവഗണിക്കുകയാണ് യുക്രെയിൻ ചെയ്തിരിക്കുന്നത്. അതിന്റെ പരിണിതഫലമാണ് ഇപ്പോഴത്തെ സംഘർഷം. റഷ്യയുടെ ഭാഷയിൽ പറഞ്ഞാൽ പ്രത്യേക സൈനിക നടപടി മാത്രമാണിത്. അതല്ലാതെ അമേരിക്ക പറയുന്നതു പോലെ തുറന്ന യുദ്ധമല്ല. യുദ്ധമായിരുന്നെങ്കിൽ ഒറ്റ ബോംബിൽ എല്ലാം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് എളുപ്പത്തിൽ സാധിക്കുമായിരുന്നു.

സോവിയറ്റ് യൂണിയനെ എതിർക്കാൻ അമേരിക്ക രൂപം നൽകിയ നാറ്റോ സൈനിക സഖ്യത്തെ സോവിയറ്റ് യൂണിയൻ ഇല്ലാതായിട്ടും പിരിച്ചു വിടാൻ തയ്യാറാകാത്ത അമേരിക്കയാണ് യഥാർത്ഥത്തിൽ ലോക സമാധാനത്തിന് ഭീഷണി ഉയർത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളെ ആക്രമിച്ച ചരിത്രവും അമേരിക്കയും ബ്രിട്ടനും ജർമ്മനിയും അടങ്ങുന്ന ‘നാറ്റോ’ രാജ്യങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണ്.

എന്നാൽ സോവിയറ്റ് യൂണിയന്റെയും റഷ്യയുടെ ചരിത്രം അതല്ല. ലോകത്തെ വിറപ്പിച്ച ഏകാധിപതിയായ അഡോൾഫ് ഹിറ്റ്ലർ എന്ന ക്രൂരഭരണാധികാരിയെയും അദ്ദേഹത്തിന്റെ കൊലയാളി സേനയെയും അവസാനിപ്പിച്ച ചരിത്രമാണ് അവർക്കുള്ളത്. അറുപതു ലക്ഷത്തോളം വരുന്ന ജൂതരുടെയും ഇതിനു പുറമെ മറ്റു അനേകലക്ഷങ്ങളെയും കുരുതി കൊടുത്ത രാക്ഷസ വാഴ്ചക്കാണ് അതോടെ തിരശ്ശീല വീണിരുന്നത്. ഈ ചരിത്രം അമേരിക്കയ്ക്കു ഒപ്പം നിലകൊള്ളുന്ന ജൂത രാഷ്ട്രമായ ഇസ്രയേലും ഓർമ്മിക്കുന്നത് നല്ലതാണ്.

സോവിയറ്റ് യൂണിയന്റെ ചെമ്പടയും സ്റ്റാലിൻ എന്ന കമ്യൂണിസ്റ്റു ഭരണാധികാരിയും ഇല്ലായിരുന്നു എങ്കിൽ ഒരുപക്ഷേ ഇസ്രയേൽ എന്ന ജൂത രാഷ്ട്രം പണിയാൻ പോലും ലോകത്ത് ഒരു ജൂതനും അവശേഷിക്കുമായിരുന്നില്ല. സെലൻസ്കി എന്ന ജൂതനായ യുക്രെയിൻ പ്രസിഡന്റിനു വേണ്ടി വാദിക്കുന്ന ഓരോ ഇസ്രയേലുകാരനും ആ യാഥാർത്ഥ്യവും ഉൾക്കൊള്ളാൻ തയ്യാറാവേണ്ടതുണ്ട്.

അമേരിക്കയും ഇസ്രയേലും അവരുടെ അജണ്ടകൾ മുൻ നിർത്തി ഇപ്പോഴും ലോകത്തെ പല രാജ്യങ്ങളിലും കടന്നുകയറി ഇടപെടലുകൾ നടത്തുന്നുണ്ട്. എന്നാൽ അക്കൂട്ടത്തിൽ ഒരിക്കലും റഷ്യയെ ഉൾപ്പെടുത്താൻ കഴിയുകയില്ല. ഇറാനിലെ മുതിർന്ന സൈനിക കമാണ്ടറെ വകവരുത്തിയും ഉപരോധം ഏർപ്പെടുത്തിയും ഇറാനെ വരിഞ്ഞു മുറുക്കുന്ന അമേരിക്ക ഇസ്രയേലിനെ രംഗത്തിറക്കിയാണ് ഇപ്പോൾ വീണ്ടും പകവീട്ടാൻ ശ്രമിക്കുന്നത്. ഇറാനിയൻ നഗരമായ ഇസ്ഫഹാനിലെ പ്രതിരോധ കേന്ദ്രത്തിൽ നടന്ന ഇസ്രയേലിന്റെ ഡ്രോൺ ആക്രമണം അതാണ് സൂചിപ്പിക്കുന്നത്.

റഷ്യയിലേക്കുള്ള ആയുധ കയറ്റുമതി തടയാനാണ് ഇത്തരമൊരു ആക്രമണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ആണ് ഡ്രോൺ ആക്രമണം നടത്തിയതെന്നാണ് അമേരിക്കയിലെ മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇസ്‌ഫഹാനിലെ മിസൈൽ നിർമാണ കേന്ദ്രത്തിലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേലിനെ ആക്രമിക്കാൻ ശേഷിയുള്ള ഇടത്തരം മിസൈലായ ‘ഷഹാബ്’ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്.

യുക്രെയിനിൽ ആക്രമണം നടത്താൻ ഇറാന്റെ ഡ്രോണുകളും നിലവിൽ റഷ്യൻ സേന ഉപയോഗിക്കുന്നുണ്ട്. യുക്രെയിന് ആയുധങ്ങൾ വിതരണം ചെയ്യുന്ന അമേരിക്കൻ ചേരിയെ ഏറെ പ്രകോപിപ്പിച്ച നീക്കമാണിത്. അതു കൊണ്ടു തന്നെ ഇസ്രയേലിന്റെ മിന്നൽ ആക്രമണത്തിന് മാനങ്ങളും ഏറെയാണ്.

ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ഇസ്രയേൽ മൂന്ന് ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇവയിൽ രണ്ടെണ്ണം ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചിട്ടിട്ടുണ്ട്. മൂന്നാമത്തേതാണ് കെട്ടിടത്തിൽ വീണു പൊട്ടിത്തെറിച്ചിരിക്കുന്നത്. 2021 ജൂണിൽ ഇറാനിലെ കരാജിലെ ഒരു സെൻട്രിഫ്യൂജ് നിർമാണ കേന്ദ്രത്തിനെതിരായും 2022 ഫെബ്രുവരിയിൽ കെർമാൻഷായിലെ സൈനിക ഡ്രോൺ നിർമാണ കേന്ദ്രത്തിനും നേരെയും ഡ്രോണുകൾ ഉപയോഗിച്ച് ഇസ്രയേലിന്റെ ‘മൊസാദ് ‘ സമാന ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

റഷ്യയിലേക്ക് ഡ്രോണുകൾ വിതരണം ചെയ്യുന്ന ഇറാനെതിരെ കൂടുതൽ ആക്രമണാത്മക സമീപനം സ്വീകരിക്കുമെന്നാണ് അമേരിക്കയും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇങ്ങനെ അമേരിക്കയ്ക്ക് നിലപാട് സ്വീകരിക്കാമെങ്കിൽ തീർച്ചയായും യുക്രെയിനെ സഹായിക്കുന്ന അമേരിക്കയെ ആക്രമിക്കാൻ റഷ്യക്കും അവകാശമുണ്ട്. റഷ്യയെ കടന്നാക്രമിക്കാൻ മത്സരിക്കുന്ന മാധ്യമങ്ങൾ അതു കൂടി റിപ്പോർട്ട് ചെയ്യാൻ തയ്യാറാകണം.

2022ൽ മാത്രം ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 220 പലസ്‌തീൻകാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഈ ആക്രമണങ്ങളിൽ 9000 പേർക്ക്‌ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേൽ തടവിലിട്ടവരുടെ എണ്ണം 6, 500 ആണ്. 832 കെട്ടിടങ്ങളും കഴിഞ്ഞ വർഷം തകർക്കപ്പെട്ടിട്ടുണ്ട്. 2023 ജനുവരിയിൽ വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ ഒൻപത് പലസ്തീൻ പൗരന്മാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇരുപത് പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതിൽ നാലു പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേൽ സൈന്യത്തിന്റെ ടിയർ ഗ്യാസ് ഷെല്ലുകൾ പതിച്ചിട്ടുണ്ട്.

തങ്ങൾക്കു നേരെ ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ് – ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടത്തിയതെന്നാണ് ആക്രമണം സംബന്ധമായി ഇസ്രായേൽ നൽകിയിരിക്കുന്ന വിശദീകരണം. അതേസമയം “യുക്രെയിനിൽ താവളമടിച്ച് റഷ്യക്കെതിരായി നീക്കം നടത്താനാണ് നാറ്റോ സഖ്യത്തിൽ യുക്രെയിനിൽ ചേർക്കാൻ ശ്രമിക്കുന്നതെന്ന” റഷ്യൻ വാദത്തെ കണ്ടില്ലന്നു നടിക്കുന്ന പാശ്ചാത്യ മാധ്യമങ്ങൾ ഇസ്രയേലിന്റെ വാദം അപ്പാടെ വിശ്വസിച്ച മട്ടിലാണ് നിലവിൽ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിനെയൊക്കെയാണ് ഇരട്ട നീതിയെന്ന് പറയേണ്ടി വരുന്നത്.

EXPRESS KERALA VIEW

Top