പൗരത്വ ബില്‍ മോദിക്ക് ‘തലവേദന’; അങ്ങ് പാകിസ്ഥാനില്‍ ഇമ്രാന് എട്ടിന്റെ പണിയും?

പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, സര്‍ക്കാരിനും എണ്ണമറ്റ പ്രശ്‌നങ്ങളാണ് സമ്മാനിച്ചത്. എന്നാല്‍ ഇതിന്റെ ആഘാതങ്ങള്‍ ഇന്ത്യയില്‍ അനധികൃത കുടിയേറ്റക്കാരായി കഴിയുന്ന പൗരന്‍മാരുടെ മൂന്ന് അയല്‍രാജ്യങ്ങളിലും ചെന്നുപതിക്കുന്നുണ്ട്. ബിജെപി വന്‍ജനരോഷം ഏറ്റുവാങ്ങുന്ന ഘട്ടത്തിലും അന്താരാഷ്ട്ര ശ്രദ്ധ പതിക്കുന്ന മറ്റൊരു വിഷയം കൂടിയുണ്ട്, ഇപ്പറയുന്ന രാജ്യങ്ങളിലെ മുസ്ലീം ഇതര മതവിശ്വാസങ്ങളില്‍ പെട്ട മനുഷ്യരുടെ ദുരിതങ്ങള്‍.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയ അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിടുന്ന ഇന്ത്യയുടെ പൗരത്വ ബില്ലിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുന്നത് ഒരു രാജ്യം മാത്രമാണ്. പാകിസ്ഥാന്റെ ഈ എതിര്‍പ്പിന് പിന്നില്‍ ഒരേയൊരു കാര്യവും. അവിടുത്തെ ന്യൂനപക്ഷങ്ങളില്‍ പെട്ട മനുഷ്യര്‍ നേരിടുന്ന പീഡനങ്ങള്‍ അന്താരാഷ്ട്ര ഏജന്‍സികളും, മനുഷ്യാവകാശ സംഘടനകളും ഉയര്‍ത്തിക്കാണിക്കുന്ന വിഷയമാണ്. ഇത് വീണ്ടും ലോകശ്രദ്ധയില്‍ എത്തിക്കാന്‍ ഇന്ത്യയുടെ പൗരത്വ നിയമം വഴിയൊരുക്കിയത് അവരെ ചെറുതായൊന്നുമല്ല ചൊടിപ്പിക്കുന്നത്.

ഇസ്ലാം വിരുദ്ധയെന്ന് മുദ്രകുത്തി ഒടുവില്‍ അന്താരാഷ്ട്ര സമ്മര്‍ദത്തിനൊടുവില്‍ അയിഷാ ബിബി എന്ന ക്രിസ്ത്യന്‍ വിശ്വാസിയെ കാനഡയിലേക്ക് അയച്ച നടപടിക്ക് പാകിസ്ഥാന്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ കുറ്റവാളിയായിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ന്യൂനപക്ഷ സമുദായങ്ങളില്‍ പെട്ട 15000ലേറെ പേര്‍ക്കാണ് ഈശ്വരനിന്ദ ആരോപിച്ച് ശിക്ഷകള്‍ വിധിച്ചത്. ന്യൂനപക്ഷങ്ങളെ പൂര്‍ണ്ണമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുന്‍ പാകിസ്ഥാന്‍ പാര്‍ലമെന്റേറിയന്‍ ഫറാഹ്നാസ് ഇസ്പാഹാനി ചൂണ്ടിക്കാണിക്കുന്നു.

അനധികൃത ക്രിസ്ത്യന്‍ കുടിയേറ്റക്കാരെ കൂടി നിയമത്തില്‍ ഉള്‍പ്പെടുത്തിയത് വഴി ആഗോളതലത്തില്‍ ഇന്ത്യ നയതന്ത്ര പിന്തുണ ഉറപ്പിക്കുന്നുണ്ട്. പൗരത്വം നിയമം മൂലം ഇന്ത്യയിലെ മുസ്ലീങ്ങള്‍ പാകിസ്ഥാനിലേക്ക് കൂട്ടമായി ഒഴുകുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പരിവേദനം. എന്നാല്‍ ഇവരെ തങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ അനധികൃതമായി കഴിയുന്ന തങ്ങളുടെ പൗരന്‍മാരെ തിരിച്ചെടുക്കാമെന്ന് ബംഗ്ലാദേശും, അഫ്ഗാനിസ്ഥാനും നയം വ്യക്തമാക്കിയെങ്കിലും പാകിസ്ഥാന് ആ വഴിക്കൊന്ന് ചിന്തിക്കാന്‍ പോലും സാധിച്ചിട്ടില്ല. പാകിസ്ഥാന്റെ ആ ദുരവസ്ഥ ലോകത്തിന് മുന്നില്‍ തുറന്നിടുകയാണ് ഇന്ത്യയുടെ പൗരത്വ ബില്‍ ചെയ്തത്.

Top