Doddabommasandra Road loses its bazaar

ബാംഗ്ലൂര്‍ :പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ ലഫ്.കേണല്‍ ഇ.കെ.നിരഞ്ജന്റെ വീടിന്റെ മുന്‍ഭാഗം ഇടിച്ചു നിരത്താന്‍ നടപടിയുമായി ബാംഗ്ലൂര്‍ കോര്‍പറേഷന്‍. കയ്യേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായാണ് നടപടി.

കോര്‍പറേഷന്‍ തയാറാക്കിയിരിക്കുന്ന 1,100 വീടുകളുടെ പട്ടികയിലാണു നിരഞ്ജന്റെ വീടും ഉള്‍പ്പെട്ടിരിക്കുന്നത്.

ബൃഹത്ത് ബാംഗ്ലൂര്‍ മഹാനഗരപാലികയുടെ കയ്യേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായാണ് എലഹളളി, ബൊമ്മനഹള്ളി എന്നിവിടങ്ങളിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുന്നത്. മഴച്ചാലുകള്‍ കയ്യേറി നിര്‍മിച്ച കെട്ടിടങ്ങളാണു പൊളിച്ചുനീക്കുന്നത്.

വിദ്യാരണ്യപുര ദൊഡ്ഡബൊമ്മസന്ദ്രയിലുള്ള നിരഞ്ജന്റെ വീടിന്റെ മുന്‍ഭാഗം ഭൂമികയ്യേറി നിര്‍മിച്ചതാണെന്നു കാണിച്ചു നഗരപാലിക നോട്ടീസ് നല്‍കി.

വീടിന്റെ മൂന്‍വശത്തെ രണ്ട് പ്രധാന തൂണുകളും ഇതിനു മുകളിലായി നിരഞ്ജന്റെ കിടപ്പുമുറിയുമാണ് പൊളിക്കുന്നതിനായി മാര്‍ക്കു ചെയ്തിരിക്കുന്നത്.

ഇന്നലെ രാവിലെ ഇടിച്ചുനിരത്തലിനുള്ള ഒരുക്കവുമായി ഉദ്യോഗസ്ഥര്‍ എത്തി.

ബുള്‍ഡോസറുകളുടെ സഹായമില്ലാതെ, സ്വന്തം നിലയ്ക്ക് ഇതു ഇടിച്ചുകൊള്ളാമെന്ന നിരഞ്ജന്റെ ബന്ധുക്കളുടെ ആവശ്യപ്രകാരം ബിബിഎംപി രണ്ടു ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതോടെയാണ് മുഖ്യമന്ത്രി അടിയന്തര കയ്യേറ്റമൊഴിപ്പിക്കലിനു നിര്‍ദേശം നല്‍കിയത്.

Top