ലാളിത്യമുള്ള മനുഷ്യനാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്ന് വിം വെന്‍ഡേഴ്‌സ്, ഡോക്യുമെന്ററി ഉടന്‍

francis-marpappa

ലണ്ടന്‍: അമ്പതു വര്‍ഷം നീളുന്ന സിനിമാ ജീവിതത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പയെപ്പോലൊരാളെ പരിചയപ്പെട്ടിട്ടില്ലെന്ന് ജര്‍മ്മന്‍ സംവിധായകന്‍ വിം വെന്‍ഡേഴ്‌സ്. ‘അവിശ്വസനീയമാംവിധം ലാളിത്യമുള്ള ഒരു മനുഷ്യന്‍, എന്നാണ് അദ്ദേഹം മാര്‍പ്പാപ്പയെ വിശേഷിപ്പിക്കുന്നത്.

ബിബിസിക്കു നല്കിയ അഭിമുഖത്തിലാണ് മാര്‍പാപ്പയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വെന്‍ഡേഴ്‌സ് പങ്കുവച്ചത്. വെന്‍ഡേഴ്‌സ് സംവിധാനം ചെയ്ത ‘പോപ് ഫ്രാന്‍സിസ്, എ മാന്‍ ഓഫ് ഹിസ് വേഡ്‌സ്’ വെള്ളിയാഴ്ച ബ്രിട്ടീഷ് തിയറ്ററുകളില്‍ എത്തും.

പരമാവധി എല്ലാവരിലേക്കും തന്റെ ആശയങ്ങള്‍ എത്തിക്കാനുള്ള മാധ്യമമെന്ന നിലയിലാണ് മാര്‍പാപ്പ ഡോക്യുമെന്ററില്‍ അഭിനയിച്ചത്. ‘എന്റെ പ്രശസ്തികണ്ടല്ല എന്നെ സംവിധാനം ഏല്‍പ്പിച്ചത്. എന്നെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും എന്റെ ഒറ്റ സിനിമപോലും കണ്ടിട്ടില്ലെന്ന കാര്യമാണ് മാര്‍പാപ്പ ആദ്യം പറഞ്ഞത്. കണ്ടുമുട്ടുന്ന എല്ലാവരിലും മാര്‍പാപ്പയ്ക്കു താത്പര്യമുണ്ട്. ഉള്ളില്‍നിന്നു വരുന്ന വാക്കുകള്‍കൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. അത് അഭിനയമല്ല. അദ്ദേഹം ഒരു അഭിനേതാവല്ലെന്നും വെന്‍ഡേഴ്‌സ് പറഞ്ഞു.

വത്തിക്കാന്റെ കമ്യൂണിക്കേഷന്‍ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഡാരിയോ വിഗാനോ ആണ് തന്നെ സംവിധാന ചുമതല ഏല്പിച്ചതെന്നും വെന്‍ ഡേഴ്‌സ് വെളിപ്പെടുത്തി. കത്തോലിക്കാ സഭ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഡോക്യുമെന്ററിയില്‍ മാര്‍പാപ്പ സംസാരിക്കുന്നുണ്ട്. വിശ്വാസികള്‍ക്കു മാത്രമല്ല, ലോകത്തിന്റെ നന്മ ആഗ്രഹിക്കുന്ന മുഴുവന്‍ പേര്‍ക്കുമുള്ളതാണ് മാര്‍പാപ്പയുടെ സന്ദേശമെന്നും വെന്‍ ഡേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

മാര്‍പാപ്പയുമായുള്ള അഭിമുഖങ്ങളും അദ്ദേഹത്തിന്റെ യാത്രകളുമെല്ലാം കോര്‍ത്തിണക്കിയ ഡോക്യുമെന്ററി ഇതിനകം ലോകശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. മേയില്‍ കാന്‍ ചലച്ചിത്രോത്സവത്തിലായിരുന്നു ഡോക്യുമെന്ററിയുടെ റിലീസ്.

വിംഗ്‌സ് ഓഫ് ഡിസയര്‍, പാരിസ് ടെക്‌സസ്, ബ്യൂണവിസ്റ്റ സോഷ്‌യല്‍ ക്ലബ്ബ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകപ്രശസ്തനാണ് വിം വെന്‍ഡേഴ്‌സ്.

Top