ആലപ്പുഴയില്‍ നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും

doctors

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. അടിയന്തര ചികിത്സകളില്‍ ഒഴികെ വിട്ടുനില്‍ക്കാനാണ് തീരുമാനം. ഒപി, കൊവിഡ് വാക്‌സിനേഷന്‍, പരിശോധന അടക്കമുളള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അത്യാഹിത, ഗൈനക്കോളജി വിഭാഗം മാത്രമേ നാളെ പ്രവര്‍ത്തിക്കൂ. കെജിഎംഒഎയുടെ ആഹ്വാനപ്രകാരമാണ് കൂട്ട അവധി. കൈനകരി കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ശരത് ചന്ദ്രബോസിന് കഴിഞ്ഞ 24നാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് സിപിഎം നേതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

മിച്ചം വന്ന വാക്‌സീന്‍ വിതരണം ചെയ്യുന്നതിന്റെ പേരിലാണ് പ്രാദേശിക സിപിഎം നേതാക്കളും ഡോക്ടറും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമെത്തിയ 10 പേര്‍ക്ക് കൂടി വാക്‌സീന്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കിടപ്പുരോഗികള്‍ക്കായി മാറ്റിവച്ചതാണെന്നും നല്‍കാനാകില്ലെന്നും അറിയിച്ചതോടെ തന്നെ കയ്യേറ്റം ചെയ്‌തെന്നാണ് ഡോക്ടറുടെ പരാതി. കേസിലെ ഒന്നാം പ്രതി സിപിഎം നേതാവും കൈനകരി പഞ്ചായത്ത് പ്രസിഡണ്ടുമായ എം സി പ്രസാദ്, രണ്ടാം പ്രതിയും ലോക്കല്‍ സെക്രട്ടറിയുമായ രഘുവരന്‍ എന്നിവര്‍ ഒളിവില്‍ ആണ്.

Top