സമരംചെയ്ത ഡോക്ടര്‍മാര്‍ക്ക് അവധി അനുവദിക്കാന്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം

തിരുവനന്തപുരം: കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ അധികതസ്തിക ആവശ്യപ്പെട്ട് സമരംചെയ്ത ഡോക്ടര്‍മാര്‍ക്ക് സമരദിവസങ്ങളില്‍ അവധി അനുവദിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനം.

ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ.യുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണിത്.
2018 ഏപ്രില്‍ 13 മുതല്‍ 16 വരെയായിരുന്നു ഡോക്ടര്‍മാരുടെ സമരം. വൈകുന്നേരം ആറുവരെ ഒ.പി. പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ എണ്ണം മൂന്നില്‍നിന്ന് അഞ്ചായി ഉയര്‍ത്തണമെന്നായിരുന്നു ആവശ്യം. സമരം താലൂക്ക് ആശുപത്രികളിലേക്ക് വ്യാപിച്ചതോടെ നാലുദിവസം അവയുടെ പ്രവര്‍ത്തനം താറുമാറായി. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ സമരത്തില്‍നിന്നും വിട്ടുനിന്നു.

‘ആര്‍ദ്രം’ പദ്ധതിയുടെ ഭാഗമായ കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ഒ.പി. നടത്തുന്നതിന് നല്‍കിയ നിര്‍ദേശം ലംഘിച്ച് ജോലിയില്‍നിന്ന് മാറിനില്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും അങ്ങനെയുള്ളവര്‍ക്ക് ആ ദിവസങ്ങളില്‍ ശമ്പളത്തിന് അര്‍ഹതയുണ്ടാവില്ലെന്നും സേവനത്തുടര്‍ച്ച അനുവദിക്കില്ലെന്നും വ്യക്തമാക്കി സര്‍ക്കാര്‍ അന്നു ഉത്തരവിറക്കി. സമരത്തില്‍ പങ്കെടുത്ത പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്ത മെഡിക്കല്‍ ഓഫീസര്‍മാരെ പിരിച്ചുവിടുമെന്നും മുന്നറിയിപ്പ് നല്‍കി.

ചര്‍ച്ചകളെത്തുടര്‍ന്ന് പ്രത്യേക ഉപാധികളൊന്നുമില്ലാതെ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു. അതോടെ അവര്‍ക്കെതിരായ നടപടികള്‍ സര്‍ക്കാര്‍ മയപ്പെടുത്തി. ഇപ്പോള്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശുപാര്‍ശകൂടി കണക്കിലെടുത്താണ് ഒന്നരവര്‍ഷത്തിനുശേഷം സമരദിവസങ്ങള്‍ അവധിയായി കണക്കാക്കിയത്.

Top