ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം;പിന്തുണയുമായി മറ്റ് സംസ്ഥാനങ്ങളും

ന്യൂഡല്‍ഹി:സഹപ്രവര്‍ത്തകനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു.ബംഗാളിലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഡോക്ടര്‍മാരാണ് ഒരു ദിവസം ജോലിയില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ ഹെല്‍മറ്റും ബാന്‍ഡേജും ധരിച്ചാണു രോഗികളെ പരിശോധിച്ചത്. ഇന്‍പേഷ്യന്റ് വിഭാഗം മുടക്കമില്ലാതെ പ്രവര്‍ത്തിക്കും. ഒപി വിഭാഗത്തിലെ പ്രവര്‍ത്തനം മുടങ്ങി.

ചൊവ്വാഴ്ച മുതലാണ് ബംഗാളില്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്.എന്‍ആര്‍എസ് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ പരിബോഹോ മുഖര്‍ജിയെ ചികിത്സാ പിഴവ് ആരോപിച്ച് മരണപ്പെട്ട രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ മിന്നല്‍ സമരം ആരംഭിച്ചത്. ഇതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി.

സമരം തുടരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അന്ത്യശാസനം തള്ളിയാണ് സമരരംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. സുരക്ഷ ഒരുക്കാതെ ജോലിയില്‍ പ്രവേശിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഡോക്ടര്‍മാറുടെ സമരത്തിന്‌ പിന്നില്‍ ബിജെപിയും സിപിഎമ്മും ആണെന്നും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിക്കുകയാണെന്നും മമതാ ബാനര്‍ജി ആരോപിക്കുന്നു. ഡ്യൂട്ടിക്കിടയില്‍ പൊലീസുകാരന്‍ മരിച്ചാല്‍ പൊലീസുകാര്‍ ആകെ പണിമുടക്കുകയാണോ ചെയ്യുകയെന്നും മമത ചോദിച്ചു.

രാജ്യത്തെമ്പാടുമുള്ള ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കാളികളാകണമെന്ന് എയിംസിലെ റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്താന്‍ ഐഎംഎ സംസ്ഥാന ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ഡല്‍ഹി മെഡിക്കല്‍ അസോസിയേഷനും ഇന്ന് മെഡിക്കല്‍ ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ സമരത്തിലാണ്. ഹൈദരാബാദില്‍ നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരും ഇന്ന് പണിമുടക്കി.

Top