ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഷലുകള്‍; ആക്രമണങ്ങള്‍ അപലപനീയമെന്ന് ആരോഗ്യ മന്ത്രി

ന്യൂഡല്‍ഹി: ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താനുള്ള ഒരുക്കവുമായി ഡല്‍ഹി സര്‍ക്കാര്‍. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മാര്‍ഷലുകളെ നിയമിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഡോക്ടര്‍മാരുടെ സുരക്ഷ സര്‍ക്കാര്‍ വലിയ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്നും, ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള ഏത് ആക്രമണവും അപലപനീയമാണെന്നും ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.

ഡല്‍ഹിയിലെ സര്‍ക്കാര്‍ എല്‍എന്‍ജെപി ആശുപത്രിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ച സംഭവത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ ജീവനക്കാര്‍ സമരത്തിലാണ്.

അതേസമയം, ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ സിസിടിവി സംവിധാനവും സുരക്ഷാ ഉദ്യോഗസ്ഥരേയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. സുരക്ഷാ ഉദ്യോഗസ്ഥരെ ഉടന്‍ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പശ്ചിമ ബംഗാളില്‍ രണ്ട് ഡോക്ടര്‍മാരെ ആശുപത്രിയില്‍ മരിച്ചയാളുടെ ബന്ധുക്കള്‍ ആക്രമിച്ചിരുന്നു. ദേശീയ തലത്തില്‍ ആരോഗ്യമേഖലയില്‍ പണിമുടക്കിന് ഇത് കാരണമായിരുന്നു.

Top