ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍; നിരീക്ഷണത്തില്‍ തുടരും

തിരുവനന്തപുരം: കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആന്‍ജിയോഗ്രാം പരിശോധന പൂര്‍ത്തിയായി. മറ്റു പ്രശ്‌നങ്ങളില്ലെന്നും 24 മണിക്കൂര്‍ കൂടി അദ്ദേഹം നിരീക്ഷണത്തില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഓഫിസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. കസ്റ്റഡിക്ക് സമാനരീതിയില്‍ സ്വന്തം വാഹനത്തിന് പകരം കസ്റ്റംസ് വാഹനത്തില്‍ കയറ്റി യാത്ര പുറപ്പെട്ടു. യാത്രാമധ്യേ ശാരീരിക അവശതകള്‍ തോന്നിയതോടെ കസ്റ്റംസിന്റെ വാഹനത്തില്‍ തന്നെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം, നാലു മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയില്‍ കാത്തുനിന്നു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. എന്‍ഐഎ ഉദ്യോഗസ്ഥരും വിവരങ്ങള്‍ ശേഖരിച്ചു.

Top