അപകടം നടന്നതിനെ കുറിച്ച് ഓര്‍മ്മയില്ല; ശ്രീറാമിന് റെട്രൊഗ്രേഡ് അംനേഷ്യയാണെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍.ശ്രീറാമിന് അപകടം നടന്നതിനെ കുറിച്ച് ഓര്‍മ്മയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ. ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണിതെന്നാണ് ഡോക്ടറര്‍മാര്‍ പറയുന്നത്. ഒരു പക്ഷെ സംഭവത്തെ കുറിച്ച് എന്നന്നേക്കുമായി മറന്ന് പോകാനും ചിലപ്പോള്‍ സമ്മര്‍ദ്ദം ഒഴിയുമ്പോള്‍ പതിയെ ഓര്‍ത്തെടുക്കാനും കഴിഞ്ഞേക്കും.

അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രോമ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.മെഡിക്കല്‍ ബോര്‍ഡാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തിരിക്കുന്നത്. ആരോഗ്യ നില മെച്ചപ്പെട്ടെന്ന് വിലയിരുത്തിയാണ് വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നാണ് സൂചന.

കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായിട്ടും ശ്രീറാം വെങ്കിട്ടരാമന്‍ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ന്നതും, വിവാദങ്ങള്‍ക്ക് ഒടുവില്‍ പൂജപ്പുര ജയിലിലേക്ക് അയച്ച ശ്രീറാമിനെ അന്ന് രാത്രി തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതും എല്ലാം വലിയ വാര്‍ത്തയായിരുന്നു. സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് ശ്രീറാമിനെ വീണ്ടും ട്രോമാ ഐസിയുവില്‍ ആക്കിയത്.

കേസില്‍ ശ്രീറാം വെങ്കിട്ടരാമന് മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയിരുന്നു.ഈ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അടിയന്തരമായി ജാമ്യം റദ്ദാക്കാന്‍ പറ്റില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

Top