ഗായകൻ കെ കെയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന പൊലീസ് വാദം ഡോക്ടര്‍മാര്‍ തള്ളി

ബോളീവുഡ് ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന വാദം തള്ളി ഹൃദ്രോഗ വിദഗ്ധന്‍ ഡോ.കുനാല്‍ സര്‍ക്കാര്‍. സംഗീത പരിപാടിക്കിടെ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്നതായിരുന്നു പൊലീസ് നിലപാട്. അവശനായി തുടങ്ങിയപ്പോള്‍ തന്നെ രോഗാവസ്ഥ തിരിച്ചറിയുന്നതിലും സമയബന്ധിതമായി ചികിത്സ നല്‍കുന്നതിലും കെ കെയുടെ സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്നും ഹൃദ്രോഗ വിദഗ്ധന്‍ കുറ്റപ്പെടുത്തി.

സാധാരണ ഒരു മനുഷ്യനെ പോലും രോഗിയാക്കുന്നതായിരുന്നു നസ്റുല്‍ മഞ്ജിലെ സാഹചര്യമെന്നും പരിപാടി പകുതിയായപ്പോള്‍ തന്നെ കെ കെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും ഡോ. കുനാല്‍ സര്‍ക്കാര്‍ പറഞ്ഞു. കൊല്‍ക്കത്തയിലെ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ചായിരുന്നു കെ.കെയുടെ അന്ത്യം. കെ.കെയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് നേരത്തെയും കുനാല്‍ സര്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. രണ്ടര മണിക്കൂറോളം അവശതയുണ്ടായിരുന്നു. ഇതിന് ശേഷമാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രതികരണം. പരിപാടിക്കിടെ അസ്വസ്ഥനായ കെ.കെയെ അദ്ദേഹത്തിന്റെ സ്റ്റാഫംഗങ്ങള്‍ വേദിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത് വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അതേസമയം ബോളിവുഡ് ഗായകന്‍ കെ കെ യുടെ അന്തിമ പോസ്റ്റ്മോര്‍ട്ട റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അസ്വാഭാവിക മരണത്തിന്റെ വാദം തള്ളിക്കളയാമെന്നാണ് പൊലീസ് നിഗമനം. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ ആണ് ഗായകന്റെ മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സമയോചിതമായ ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ബന്ധപ്പെട്ട ഡോക്ടമാര്‍ പ്രതികരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു കെ കെയുടെ മരണം. കൊല്‍ക്കത്തയിലെ നസ്‌റുല്‍ മഞ്ചയില്‍ ചൊവ്വാഴ്ച രാത്രി സംഗീത പരിപാടിയില്‍ പങ്കെടുക്കവെ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് പരിപാടി പൂര്‍ത്തിയാക്കാതെ വേദിയില്‍ നിന്ന് ഹോട്ടല്‍ മുറിയിലേക്ക് മടങ്ങുകയായിരുന്നു.

തുടര്‍ന്ന് മുറിയില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ രാത്രി 10.30ന്‌ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഹിന്ദി, മലയാളം, തമിഴ്, കന്നട, ബംഗാളി, മറാത്തി എന്നീ ഭാഷകളിൽ നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട്.

Top