മാതൃകയായി ഒരു ഡോക്ടര്‍; ഡ്യൂട്ടികഴിഞ്ഞാല്‍ ഭക്ഷണവുമായി നേരെ തെരുവിലേക്ക്

ന്യൂഡല്‍ഹി: കൊവിഡ് ഡ്യൂട്ടിക്കിടയിലും പട്ടിണിപാവങ്ങളുടെ വിശപ്പടക്കി ഡല്‍ഹി എയിംസിലെ വയോജന വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ പ്രസൂണ്‍ ചാറ്റര്‍ജി. എന്‍ജിഒയിലൂടെ തെരവില്‍ പട്ടിണിയിലായവര്‍ക്കായി ഭക്ഷണമെത്തിക്കാന്‍ മുന്‍കൈ എടുത്തിറങ്ങിയിരിക്കുകയാണ് ഈ ഡോക്ടര്‍. ഉദ്യമത്തിന് സഹായമെത്തിക്കാനുള്ള ആളുകളുടെ ശ്രദ്ധ ക്ഷണിച്ച്‌കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ തെരുവുകളും ചേരികളും ഇയാള്‍ സന്ദര്‍ശിച്ചു.

മാര്‍ച്ച് 27 മുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ദില്ലിയിലെ തെരുവുകളില്‍ സജീവമാണ് ഡോ പ്രസൂണ്‍. ഹെല്‍ത്ത് എജിംഗ് ഇന്ത്യ എന്ന എന്‍ജിഒയുടെ അമരക്കാരന്‍ കൂടിയാണ് ഡോ പ്രസൂണ്‍. സഹായം തേടിയുള്ള ഡോ പ്രസൂണിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചില വ്യാപാരികളുടെ സഹായത്തോട് കൂടി 20 അംഗ സംഘം രൂപീകരിച്ചായിരുന്നു പ്രസൂണിന്റെ പ്രവര്‍ത്തനം. ഇതിനോടകം 5000ത്തോളം പേര്‍ക്ക് നിത്യേന ഭക്ഷണമെത്തിച്ച് നല്‍കിയെന്നാണ് പ്രസൂണ്‍ വിശദമാക്കുന്നത്.

ഇതില്‍ 300ഓളം പേര്‍ ഡല്‍ഹിയിലെ ഏഴ് വയോജന സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്നവരാണ്. ഭക്ഷണത്തിന് പുറമേ സാനിറ്റൈസറും മാസ്‌കുകളും ഡോ പ്രസൂണ്‍ വിതരണം ചെയ്തിട്ടുണ്ട്. ആളുകളില്‍ മാസ്‌ക് ധരിക്കുന്നതിനേക്കുറിച്ച് ബോധവല്‍ക്കരണം ചെയ്യേണ്ട അനുഭവം ഈ സമയത്ത് നിരവധിയിടങ്ങളില്‍ നിന്ന് ഉണ്ടായതായി ഡോ പ്രസൂണ്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് വിശദമാക്കി. നിരവധിയാളുകള്‍ തക്ക സമയത്ത് സഹായിച്ചതുകൊണ്ടാണ് ഇതിന് സാധിച്ചതെന്നും ഡോ പ്രസൂണ്‍ പ്രതികരിക്കുന്നു.

Top