ചണ്ഡീഗഡ്: പഠാന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നാലെ രാജ്യത്ത് വീണ്ടും മറ്റൊരു ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി നിരീക്ഷണം. ജനുവരി 23ന് രാജ്യത്ത് തീവ്രവാദി ആക്രമണമുണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കി.
ഐ.ബിയുടെ നിരീക്ഷണത്തിലുണ്ടായിരുന്ന ബംഗ്ലാദേശ് നമ്പറിലേക്ക് വന്ന സന്ദേശത്തെത്തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. ജനുവരി 15ന് ഈ ഫോണിലേക്ക് വന്ന സന്ദേശത്തിലൊന്നില്‍ ഡോക്ടര്‍ മരുന്ന് കൊണ്ടുവരും എന്ന് സൂചിപ്പിച്ചിരുന്നുവെന്നും ഇത് ഒരു കോഡാണെന്നുമാണ് ഐ.ബി വ്യക്തമാക്കുന്നത്. ഇതില്‍ നിന്നാണ് വരുന്ന ശനിയാഴ്ച്ച രാജ്യത്ത് ഭീകരാക്രമണം നടക്കുമെന്ന നിഗമനത്തില്‍ ഐ.ബി എത്തിയത്.
രാജ്യത്തെ സേനാ വിഭാഗങ്ങള്‍ക്കയച്ച കത്തിലാണ് ഐ.ബി ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. രാജ്യം റിപ്പബ്ലിക് ദിനാഘോഷങ്ങിലേക്ക് നീങ്ങാനിരിക്കെ അതീവ ജാഗ്രത വേണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്.
രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ഷോപ്പിംഗ് മാളുകളിലും തിരക്കേറിയ നഗരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷയേര്‍പ്പെടുത്തണമെന്നും ഐ.ബി കത്തില്‍ നിര്‍ദേശിക്കുന്നു.


