നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചെന്ന്; സര്‍ജറി വിഭാഗം മേധാവിയെ സ്ഥലം മാറ്റാന്‍ ഉത്തരവ്

കോട്ടയം: നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ജറി വിഭാഗം മേധാവിയെ സ്ഥലം മാറ്റാന്‍ തീരുമാനമായി.

ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാര്‍ പണിമുടക്കിയതിനെ തുടര്‍ന്നാണ് നടപടി എടുത്തിരിക്കുന്നത്. എന്നാല്‍ രോഗിയുടെ ശരീരത്തില്‍ ട്രേ വച്ചതിന് നഴ്‌സിന് ചെറിയ ശിക്ഷ നല്‍കിയതാണെന്നും ഇതില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.

സര്‍ജറി വിഭാഗം മേധാവി നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് നഴ്‌സുമാര്‍ പണിമുടക്കിയിരുന്നു. മെഡിക്കല്‍ കോളേജിലെ 500ല്‍ അധികം നഴ്‌സുമാരാണ് പണിമുടക്കിയത്.

ശസ്ത്രക്രിയ ടേബിളില്‍ ട്രേ വെച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചതെന്നാണ് ആരോപണം. രോഗിയുടെ ശരീരത്തില്‍ ട്രേ വെച്ചുവെന്ന് ആരോപിച്ചായിരുന്നു ഡോക്ടറുടെ നടപടി. എന്നാല്‍ നഴ്‌സ് ട്രേ ബെഡിലാണ് വെച്ചതെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും സമരം ചെയ്യുന്ന നഴ്‌സുമാര്‍ പറഞ്ഞു.

Top