മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയില്‍ നിന്ന് ഡോക്ടര്‍ കൈക്കൂലി വാങ്ങിയതായി പരാതി

medical college

കോഴിക്കോട് : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയില്‍ നിന്ന് ഡോക്ടര്‍ കൈക്കൂലി വാങ്ങിയതായി പരാതി. കൊടുവള്ളി സ്വദേശി ആരിഫ അബൂബക്കാണ് ഡോക്ടര്‍ എ.ടി രാജീവിനെതിരെ ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയത്. കൈക്കൂലി നല്‍കിയതിന് ശേഷം വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിന് ഓപ്പറേഷന്‍ നടത്തിയെങ്കിലും അത് നീക്കം ചെയ്തിരുന്നില്ലെന്നും പരാതിക്കാരി പറയുന്നു.

അതേസമയം കൈക്കൂലി വാങ്ങിയെന്ന ആരോപണം ഡോക്ടര്‍ രാജീവന്‍ നിഷേധിച്ചു. കല്ല് നീക്കം ചെയ്തിരുന്നുവെന്നും മറ്റൊരു കല്ല് താഴേക്ക് ഇറങ്ങിയതാകുമെന്നുമാണ് ഡോക്ടറുടെ വിശദീകരണം.

മൂന്ന് വര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം ഡോക്ടര്‍ എ.ടി രാജീവന്റെ അടുത്ത് വ്യക്ക രോഗത്തിന് ചികിത്സ തേടുന്നയാളാണ് പരാതിക്കാരി ആരീഫ അബൂബക്കര്‍. വ്യക്കയിലെ കല്ല് നീക്കാനുള്ള സര്‍ജറിക്ക് വേണ്ടി വ്യാഴാഴ്ച ഡോക്ടറെ സമീപിച്ചപ്പോള്‍ ഒരു മാസം കഴിഞ്ഞ് വരാനാണ് ആദ്യം മറുപടി പറഞ്ഞത്. വെള്ളിയാഴ്ച വീട്ടില്‍ പോയി 2000 രൂപ കൊടുത്തപ്പോള്‍ സര്‍ജറി നടത്താന്‍ തയ്യാറായി. ശനിയാഴ്ച സര്‍ജറിക്ക് മുമ്പ് വീണ്ടും 2000 രൂപ വാങ്ങി.

അസഹ്യമായ വേദനയെത്തുടര്‍ന്ന് സ്‌കാനിംഗ് നടത്തിയപ്പോള്‍ സര്‍ജറി നടത്തിയിട്ടും കല്ല് നീക്കം ചെയ്തിരുന്നില്ലന്ന് വ്യക്തമായന്നും അവര്‍ പറയുന്നു. ആരിഫ ആരോഗ്യവകുപ്പ് മന്ത്രിക്കും,ആശുപത്രി സൂപ്രണ്ടിനും,ഐ.എം.എക്കും പരാതി നല്‍കിയിട്ടുണ്ട്.

Top