ശാസ്താംകോട്ടയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവം; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറാണ് അറസ്റ്റിലായത്. ശാസ്താംകോട്ട താലൂക്കാശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറായ ഗണേഷിനെ മര്‍ദിച്ച സംഭവത്തിലാണ് അറസ്റ്റ്.

ശാസ്താംകോട്ട പൊലീസ് ഇന്ന് രാവിലെയാണ് ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. സംഭവത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീകുമാര്‍. പഞ്ചായത്ത് പ്രസിഡന്റിനൊപ്പമുണ്ടായിരുന്ന ആറ് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നടത്തിയ ഒ.പി ബഹിഷ്‌കരണ സമരം അവസാനിപ്പിച്ചു.

കേസില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയ ഡിസിസി ജനറല്‍ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാറിനെതിരെയും പൊലീസ് കേസെടുത്തു. ഡോക്ടര്‍മാരെ ആശുപത്രിക്ക് പുറത്തുവച്ച് നേരിടും എന്നായിരുന്നു അജയകുമാറിന്റെ ഭീഷണി.

വ്യാഴാഴ്ച രാത്രിയായിരുന്നു ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ഡോക്ടറും പഞ്ചായത്ത് പ്രസിഡന്റും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. മരണം സ്ഥിരീകരിക്കാന്‍ വൈകി എന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഡോക്ടറെ കയ്യേറ്റം ചെയ്തു എന്നാണ് പരാതി. എന്നാല്‍ ഡോക്ടര്‍ തങ്ങളെ മര്‍ദിക്കുകയായിരുന്നു എന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റേയും പ്രവര്‍ത്തകരുടേയും ആരോപണം.

 

Top