ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ ഡോക്ടര്‍ അറസ്റ്റില്‍

ദില്ലി: ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 35കാരനായ ഡോക്ടര്‍ അറസ്റ്റില്‍. എംബിബിഎസ് ബിരുധദാരിയായ മനോഹര്‍സിംഗ് മറ്റൊരാളെ ഉപയോഗിച്ചാണ് ഡിഗ്രീ പരീക്ഷ എഴുതിയതെന്നാണ് കണ്ടെത്തിയത്. ഇതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ സംഘടിപ്പിച്ച ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്‌സാമിനേഷന്‍ (എഫ്എംജിഇ ) മറ്റൊരാളെ വച്ച് എഴുതിയെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിവര്‍ക്ക് ഇന്ത്യയില്‍ ചികിത്സിക്കാന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വേണ്ടി എഴുതുന്ന പരീക്ഷയാണ് ഇത്. 2020 ഡിസംബര്‍ നാലിനാണ് അവസാനമായി ഈ പരീക്ഷ നടത്തിയത്. ഈ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത മനോര്‍സിംഗിന് മധുര റോഡിലാണ് സെന്റര്‍ ലഭിച്ചത്.

പരീക്ഷാ ഹാളില്‍ നിന്ന് എടുത്ത ഫോട്ടോയും ഹാള്‍ട്ടിക്കറ്റില്‍ നല്‍കിയ ഫോട്ടോയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയതോടെ പരീക്ഷാ ഫലം തടഞ്ഞുവച്ചു. മനോഹര്‍ സിംഗ് ബുധനാഴ്ച വെരിഫിക്കേഷന് എന്‍ബിഇയിലെ. പരിശോധനയില്‍ പരീക്ഷ എഴുതിയത് മനോഹര്‍ സിംഗ് അല്ലെന്ന് കണ്ടെത്തി. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തജ്കിസ്ഥാനില്‍ നിന്ന് എംബിബിഎസ് ഡിഗ്രി നേടിയ താന്‍ കഴിഞ്ഞ ആറ് വര്‍ഷമായി എഫ്എംജിഇ കടന്നുകിട്ടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് മനോഹര്‍ പൊലീസിന് മൊഴി നല്‍കി. നാല് ലക്ഷം രൂപ നല്‍കിയാല്‍ പരീക്ഷ എഴുതാമെന്ന് ഒരു ഡോക്ടര്‍ ഏറ്റു. ഇയാളാണ് മനോഹറിന് പകരമായി 2020 ഡിസംബര്‍ 4ന് പരീക്ഷ എഴുതിയത്.

 

Top