Docoss X1 Smartphone at Rs. 888

ജയ്പൂര്‍: ഫ്രീഡം 251 ഫോണ്‍ രാജ്യത്തുണ്ടാക്കിയ അലയൊലികള്‍ അവസാനിക്കും മുന്‍പേ വളരെ കുറഞ്ഞ വിലയ്ക്ക് ഫോണുമായി മറ്റൊരു കമ്പനി കൂടി രംഗത്ത്. ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോകോസ് എന്ന സ്ഥാപനമാണ് വെറും 888 രൂപയ്ക്ക് ‘ഡോകോസ് X 1’ എന്ന എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണ്‍ പ്രീ ബുക്കിങ്ങിന് എത്തിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രീ ബുക്കിംഗ് അവസാനിക്കുന്ന ഫോണ്‍ മെയ് 2 മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.

4 ഇഞ്ച് WVGA ഡിസ്‌പ്ലെയോട് കൂടി വരുന്ന ഡോകോസ് X 1 സ്മാര്‍ട്ട് ഫോണിന് 1.2 ജിഗാ ഹെട്‌സ് വേഗത നല്‍കുന്ന ഡ്യുവല്‍കോര്‍ പ്രൊസസറാണ് കരുത്ത് പകരുന്നത്, 1 GB റാം, 4GB ആന്തരിക സംഭരണ ശേഷി എന്നിവ വാഗ്ദാനം ചെയ്യുന്ന ഫോണിന്റെ സടോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 GB വരെ വികസിപ്പിക്കാം. ജിപിആര്‍എസ് / എഡ്ജ് പിന്തുണയ്‌ക്കൊപ്പം 3 ജി സൗകര്യവും ഈ ഫോണിലുണ്ട്. 1300 mAh ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണിനു 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയുണ്ട്. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4.2 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഡോകോസ് X 1 സ്മാര്‍ട്ട് ഫോണിന് 102 ഗ്രാം ഭാരമാണുള്ളത്.

Top