Docoss X1 at Rs 888; cheapest smartphone after Freedom 251

ഫ്രീഡം 251 ഫോണ്‍ രാജ്യത്തുണ്ടാക്കിയ അലയൊലികള്‍ അവസാനിക്കും മുന്‍പേ വളരെ കുറഞ്ഞ വിലയ്ക്ക് ഫോണുമായി മറ്റൊരു കമ്പനി കൂടി രംഗത്ത്. ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോകോസ് എന്ന സ്ഥാപനമാണ് വെറും 888 രൂപയ്ക്ക് ‘ഡോകോസ് X 1’ എന്ന എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണ്‍ പ്രീ ബുക്കിങ്ങിന് എത്തിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച പ്രീ ബുക്കിംഗ് അവസാനിക്കുന്ന ഫോണ്‍ മെയ് 2 മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഫ്രീഡം 251 ഫോണ്‍ ബുക്ക് ചെയ്തവര്‍ക്ക് ജൂണില്‍ ഫോണ്‍ കിട്ടുമെന്നാണ് കമ്പനി ഉടമകള്‍ അന്ന് പറഞ്ഞിരുന്നത്.

251 രൂപക്ക് സ്മാര്‍ട്ട്‌ഫോണ്‍ വാദം ഉയര്‍ത്തിയ റിങിംഗ് ബെല്‍സിന്‌ തുടക്കത്തില്‍ നേടിയെടുത്ത വിശ്വാസം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. കാഷ് ഓണ്‍ ഡെലിവറി എന്ന തന്ത്രം ഇറക്കി നഷ്ടമായി തുടങ്ങിയ ജനത്തിന്റെ വിശ്വാസം വീണ്ടെടുക്കാന്‍ കമ്പനി ശ്രമം നടത്തി നോക്കിയെങ്കിലും സംശയത്തിന്റെ നൂലിഴകള്‍ ബലപ്പെട്ടത് റിങിംഗ് ബെല്‍സിനു ഭീഷണിയായി.

നിലവില്‍ നോയിഡയിലെ ഫേസ് 3 പൊലീസ് സ്റ്റേഷനില്‍ റിങിംഗ് ബെല്‍സിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐ പി സി സെക്ഷന്‍ 420, ഐടി ആക്റ്റിലെ 66 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് സെക്ഷന്‍ 420 പ്രകാരമുള്ള കേസ്.

ഫോണ്‍ വില്‍പ്പനയുടെ പേരില്‍ ലക്ഷക്കണക്കിനാളുകളുടെ വിവരങ്ങള്‍ ശേഖരിച്ചതിനൊപ്പം ഈ വിവരങ്ങള്‍ മറിച്ചു വില്‍ക്കാനും റിംഗിങ്ങ് ബെല്‍സ് ശ്രമിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു.

ഇതിനിടെയാണ് 888 രൂപയ്ക്ക് വില്‍ക്കുന്ന ഡോകോസ് ഫോണും വരുന്നത്. ഉല്പന്നം പുറത്തിറങ്ങും വരെ ഇനി ആരും ഇത്തരം ബുക്ക് ചെയ്ത് വഞ്ചിതരാകില്ലെന്നത് വ്യക്തമാണ്.

4 ഇഞ്ച് WVGA ഡിസ്‌പ്ലെയോട് കൂടി വരുന്ന ഡോകോസ് X 1 സ്മാര്‍ട്ട് ഫോണിന് 1.2 ജിഗാ ഹെട്‌സ് വേഗത നല്‍കുന്ന ഡ്യുവല്‍കോര്‍ പ്രൊസസറാണ് കരുത്ത് പകരുന്നത്, 1 GB റാം, 4GB ആന്തരിക സംഭരണ ശേഷി എന്നിവ വാഗ്ദാനം ചെയ്യുന്ന ഫോണിന്റെ സടോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 GB വരെ വികസിപ്പിക്കാം.

ജിപിആര്‍എസ് / എഡ്ജ് പിന്തുണയ്‌ക്കൊപ്പം 3 ജി സൗകര്യവും ഈ ഫോണിലുണ്ട്. 1300 mAh ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണിനു 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയുണ്ട്. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4.2 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഡോകോസ് X 1 സ്മാര്‍ട്ട് ഫോണിന് 102 ഗ്രാം ഭാരമാണുള്ളത്.

Top