2013ലെ ട്വീറ്റ് ഓര്‍മ്മയുണ്ടോ എന്ന് മോദിയോട് സുര്‍ജേവാല; മറുപടി പറയണമെന്ന് തരൂര്‍

ന്യൂഡല്‍ഹി: 2013ല്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിയുടെ ട്വീറ്റ് ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും രണ്‍ദീപ് സിങ് സുര്‍ജേവാലയും രംഗത്ത്.

കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷമേഖലയില്‍ നിന്ന് ഇരുസേനകളും പിന്‍വാങ്ങാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മോദി നടത്തിയ പ്രതികരണമാണ് സുര്‍ജേവാല ഓര്‍മ്മിപ്പച്ചത്.

. ‘ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈന സൈന്യത്തെ പിന്‍വലിക്കുന്നത് മനസിലാക്കാം, പക്ഷെ എന്തിനാണ് ഇന്ത്യന്‍ സേന പിന്‍വാങ്ങുന്നത്, നാമെന്തിന് പിന്‍മാറണം’, ഇതായിരുന്നു അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി ട്വീറ്റ് ചെയ്തിരുന്നത്.

ഇപ്പോള്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു സേനകളും പിന്മാറുന്ന സാഹചര്യത്തിലാണ് സുര്‍ജേവാല പഴയ ട്വീറ്റ് പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പച്ചത്.

‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി, അങ്ങയുടെ അന്നത്തെ വാക്കുകള്‍ ഓര്‍മയുണ്ടോ, ആ വാക്കുകള്‍ക്ക് എന്തെങ്കിലും അര്‍ഥം കല്‍പിച്ചിരുന്നോ, നമ്മുടെ മണ്ണില്‍ നിന്ന് നമ്മുടെ സേന പിന്‍മാറുന്നതെന്തിനെന്ന് വ്യക്തമാക്കാമോ, രാജ്യം അതിനുള്ള ഉത്തരം തേടുകയാണ്’, സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.

പിന്നാലെ ശശി തരൂരും രംഗത്തെത്തി. ഈ വിഷയത്തില്‍ ഞാന്‍ മോദിജിക്കൊപ്പമാണ്. സുര്‍ജേവാലയുടെ ചോദ്യത്തിന് പ്രധാനമന്ത്രി മറുപടി പറയണമെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

ശനിയാഴ്ചയാണ് ചൈനീസ് സൈന്യം ഗല്‍വാന്‍ മേഖലയില്‍ നിന്ന് പിന്മാറ്റം തുടങ്ങിയത്. രണ്ട് കിലോമീറ്ററോളം ചൈന പിന്‍വാങ്ങിയെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

Top