സൂക്ഷിക്കുക; അശ്ലീലസൈറ്റുകള്‍ കാണുന്നവരുടെ വീഡിയോ ക്യാപ്ച്ചര്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍

പോണ്‍ വീഡിയോകള്‍ കാണുന്നവരെ അവരുടെ വെബ്ക്യാമുകളിലൂടെ രഹസ്യമായി ചിത്രീകരിച്ച് അവ കുടുംബത്തിന് അയച്ചുകൊടുത്ത് പണം തട്ടുന്നവരെപ്പറ്റി പണ്ടൊരു സൈബര്‍ കേസ് ഉണ്ടായിരുന്നു. ഇപ്പോഴിതാ ആളുകളുടെ വെബ്ക്യാമുകളില്‍ നിന്ന് അവരറിയാതെ തന്നെ വീഡിയോ എടുക്കാന്‍ ഹാക്കര്‍മാരെ അനുവദിക്കുന്ന മാലിഷ്യസ് സോഫ്റ്റ്വെയറിന്റെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടതായി പ്രൂഫ് പോയിന്റിലെ സുരക്ഷാ വിദഗ്ധര്‍ അവകാശപ്പെടുന്നു.

PsiXBot എന്നറിയപ്പെടുന്ന ഈ സോഫ്റ്റ് വെയര്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. അപകടകാരിയായ ഈ സോഫ്റ്റ് വെയര്‍ കമ്പ്യൂട്ടറിന്റെ ഉടമസ്ഥന്‍ അറിയാതെ തന്നെ കമ്പ്യൂട്ടറിലേക്ക് ലോഡു ചെയ്യുകയാണെന്നും സെക്യൂരിറ്റി എക്‌സ്‌പേര്‍ട്‌സ് വ്യക്തമാക്കുന്നു.

ഒരു വെബ്സൈറ്റ് വഴിയോ അല്ലെങ്കില്‍ മാലിഷ്യസ് കണ്ടന്റ് അടങ്ങുന്ന ഒരു വീഡിയോ, മ്യൂസിക് ഫയല്‍ വഴിയോ മറ്റേതെങ്കിലും സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴോ ആണ് ഈ PsiXBot കമ്പ്യൂട്ടറില്‍ കടന്ന് കൂടുന്നതെന്ന് സുരക്ഷാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ഒരാളുടെ കമ്പ്യൂട്ടറില്‍ PsiXBot ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ പോണ്‍ കണ്ടന്റുമായി ബന്ധപ്പെട്ട ഒരു വെബ് പേജ് തുറക്കുന്നതു വരെ ഈ സോഫ്റ്റ് വെയര്‍ ബാഗ്രൗണ്ടില്‍ കാത്തിരിക്കും. കമ്പ്യൂട്ടറിന്റെ ക്യാമറയിലൂടെ ഉപയോഗിക്കുന്ന ആളെ ചിത്രീകരിക്കാന്‍ വേണ്ട കാര്യങ്ങള്‍ പോണ്‍ സൈറ്റ് ഓപ്പണ്‍ ചെയ്താല്‍ ഉടനെ പ്രവര്‍ത്തിക്കുന്നു. PsiXBot നിരവധി വര്‍ഷങ്ങളായി ഉണ്ടെങ്കിലും പുതുതായി അതിലേക്ക് ചേര്‍ത്ത മൊഡ്യൂളാണ് ഹാക്കര്‍മാര്‍ക്ക് വീഡിയോ പകര്‍ത്താന്‍ സഹായകരമാവുന്നത്.

ഈ സോഫ്റ്റ് വെയറിലൂടെ റെക്കോര്‍ഡ് ചെയ്യപ്പെടുന്ന പോണ്‍ കാണുന്നവരുടെ വീഡിയോ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടലാണ് ഹാക്കര്‍മാര്‍ ചെയ്യുന്നത്.

Top