ബിരുദാനന്തര ബിരുദമുണ്ടോ? എങ്കില്‍ നിങ്ങളുടെ വിവാഹം ഉടന്‍ . . .

കൊച്ചി: തന്റെ പങ്കാളിയെ കണ്ടെത്താന്‍ വിവാഹ വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന യുവതികള്‍ ഇഷ്ടപ്പെടുന്നത് എന്‍ജിനീയറിംഗ്, മാനേജ്മെന്റ്, മെഡിസിന്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരെയെന്ന് പഠനം. യുവാക്കള്‍ക്ക് കൊമേഴ്സ്, ആര്‍ട്സ്, സയന്‍സ് ബിരുദാനന്ത ബിരുദമുള്ളവരോടാണ് താത്പര്യമുള്ളത്. സ്വന്തം ജാതിക്ക് പുറത്തുള്ളവരെ സ്വീകരിക്കാനും മടിയില്ല. മാട്രിമോണി വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെക്കുറിച്ചുള്ള പഠനത്തിനാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

യുവതികളില്‍ 39 ഉം യുവാക്കളില്‍ 19 ശതമാനവും ബിരുദാനന്തര ബിരുദവും അതിനു മുകളിലും യോഗ്യതയുള്ളവരെയാണ് പങ്കാളിയായി തിരയുന്നത്. ബിസിനസ് സംരംഭകര്‍, എന്‍ജിനീയര്‍മാര്‍, ടെക്നീഷ്യന്‍മാര്‍ എന്നിവരാണ് യുവാക്കളില്‍ ഭൂരിഭാഗവും. സോഫ്റ്റ്വെയര്‍, മെഡിക്കല്‍ പ്രൊഫഷണലുകളാണ് യുവതികളില്‍ കൂടുതലും. ആര്‍ട്സ് വിഷയങ്ങള്‍ പഠിച്ചവരാണ് യുവതികളില്‍ ഭൂരിപക്ഷവും. സാങ്കേതിക, പ്രൊഫഷണല്‍ ബിരുദമുള്ളവരും ധാരാളം. യുവാക്കളില്‍ കൂടുതലും സാങ്കേതിക, പ്രൊഫഷണല്‍ ബിരുദവും ഡിപ്ലോമയും നേടിയവരാണ്. യുവാക്കളില്‍ 31 ഉം യുവതികളില്‍ 19 ഉം ശതമാനം അവരവരുടെ ജാതിക്കു പുറത്തു നിന്നുള്ളവരെ സ്വീകരിക്കാന്‍ തയ്യാറാണ്.

പ്രധാന കണ്ടെത്തലുകള്‍

-കേരളത്തിലെ വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 76 ശതമാനം മലയാളികള്‍
-തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമുണ്ട്.
-ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്യുന്നത് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കൊല്ലം നഗരങ്ങളില്‍
-90 ശതമാനം പങ്കാളിയെ തിരയുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്
-രജിസ്റ്റര്‍ ചെയ്തവരില്‍ 30 ശതമാനം യുവതികളും 70 ശതമാനം യുവാക്കളും
-ശരാശരി പ്രായം യുവാക്കളുടെ 29 ഉം യുവതികളുടേത് 25 വയസ്
-പ്രവാസി മലയാളികള്‍ യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നാണ് പങ്കാളിയെ തേടുന്നത്
-രജിസ്റ്റര്‍ ചെയ്തത് 67 ശതമാനം ഹിന്ദുക്കളാണ്. 19 ശതമാനം ക്രിസ്ത്യാനികള്‍, 13 ശതമാനം മുസ്ലീങ്ങള്‍

പുരോഗമന പാതയില്‍

വിവാഹകാര്യത്തില്‍ മലയാളി യുവതികള്‍ പുരോഗമന ചിന്തയുള്ളവരാണ്. സ്വന്തം നിലയില്‍ തീരുമാനമെടുക്കുന്നവരാണ്. ഇഷ്ടപ്പെട്ട പങ്കാളിയെ കണ്ടെത്താന്‍ നേരിട്ട് പ്രൊഫൈല്‍ പരിശോധിക്കുന്നതില്‍ മലയാളി യുവതികള്‍ മുന്നിലാണ്.

 

 

Top