പതിനഞ്ച് വർഷം പഴക്കമുള്ള കാർ ഉണ്ടോ? എങ്കിൽ പണി പാളി

diesel-vehicles

ന്യൂഡൽഹി: വർഷങ്ങൾ പഴക്കമുള്ള സാധനങ്ങൾക്ക് ഒക്കെ ഇക്കാലത്ത് പൊതുവേ വലിയ മതിപ്പാണ്. എന്നാൽ നിങ്ങളുടെ പക്കൽ 15 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള ഡീസൽ കാർ ഉണ്ടോ? എങ്കിൽ ശരിക്കും പണി പാളി. നിങ്ങളുടെ വീട്ടിലേക്ക് ഗതാഗത വകുപ്പിൽ നിന്നും ഒരു ഉദ്യോഗസ്ഥനെ ഉടൻ പ്രതീക്ഷിക്കാം. വാഹനങ്ങളിൽ നിന്നും ഉണ്ടാകുന്ന മലിനീകരണം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ 15 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള ഡീസൽ കാറുകൾ ബഹിഷ്കരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ് ഇവര്‍.

പഴക്കം ചെന്ന വാഹനങ്ങളിൽ മലിനീകരണം കുറയ്ക്കാനുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ ഒന്നും ഇല്ലാത്തതിനാലാണ് ഇത്തരം ഒരു നീക്കം. നിരത്തുകളിൽ ഓടിക്കാൻ കഴിയാത്ത തരത്തിൽ ഉള്ള വാഹനങ്ങൾ ബഹിഷ്കരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. മാലിന്യരഹിത സവാരി എന്നതാണ് ഗതാഗത വകുപ്പിന്റെ പുതിയ മുദ്രാവാക്യം. വീടുകളിൽ എത്തിയോ അല്ലാതെയോ പരിശോധനകൾ ഉണ്ടാകാം. സൗത്ത് ഡൽഹിയിലായിരിക്കും ആദ്യ ഘട്ട പരിശോധനകൾ നടത്തുക. ഇതിനോടകം തന്നെ രണ്ട് ലക്ഷം ഡീസൽ വാഹനങ്ങളുടെ രജിസ്റ്ററേഷൻ ഗതാഗത വകുപ്പ് റദ്ദാക്കിയിട്ടുണ്ട്.

“ഉദ്യോഗസ്ഥരുടെ കുറവ് ഉണ്ടെങ്കിലും മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ പരിശോധന ശക്തമാക്കാനാണ് തീരുമാനം,” ഗതാഗത വകുപ്പിന്റെ പ്രത്യേക കമ്മീഷണറായ കെ.കെ. ദഹിയ രേഖപ്പെടുത്തി. ഈ നിയമം, ഇരുചക്ര വാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും ഉൾപ്പടെ എല്ലാ വാഹനങ്ങൾക്കും ബാധകമാണ്. ഏകീകൃത ‘വാഹൻ’ സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തി വാഹനങ്ങളുടെ സകല വിവരങ്ങളും ശേഖരിക്കാനുള്ള പദ്ധതികളും തയ്യാറായിക്കഴിഞ്ഞു. മലിനീകരണം ഇല്ലാത്ത ഒരു നല്ല നാളെയുടെ പുതിയ അധ്യായമായിരിക്കും ഇതിലൂടെ തുറക്കുക.

Top