പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് ; സ്ഥിതിവിവര റിപ്പോര്‍ട്ട് ഇപ്പോള്‍ സമര്‍പ്പിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Punjab National Bank fraud

ന്യൂഡല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം സംബന്ധിച്ച സ്ഥിതിവിവര റിപ്പോര്‍ട്ട് ഇപ്പോള്‍ സമര്‍പ്പിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേസില്‍ ഇതിനകം നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ടെന്നും ഈ ഘട്ടത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിനെ അറിയിച്ചു.

കേസ് വീണ്ടും പരിഗണിക്കാനായി ഏപ്രില്‍ ഒമ്പതിലേക്ക് മാറ്റി. ഇതിനിടെ അറ്റോര്‍ണി ജനറല്‍ കേസ് ഹര്‍ജിയിലെ വാദങ്ങള്‍ കൃത്യമായി മനസിലാക്കിയിട്ടില്ലെന്ന ആരോപണത്തില്‍ ഹരജിക്കാരനെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് താക്കീത് ചെയ്തു.

വജ്രവ്യാപാരി നീരവ് മോദിയും ബിസിനസ് പങ്കാളി മെഹുല്‍ ചോസ്‌കിയും ഉള്‍പ്പെട്ട ബാങ്ക് തട്ടിപ്പ് 20,000 കോടി കവിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും വായ്പകള്‍ നല്‍കിയ മറ്റു 16 ബാങ്കുകളില്‍നിന്നു കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിശദാംശങ്ങള്‍ തേടി. പിഎന്‍ബിയില്‍ ഇവര്‍ നടത്തിയ 11,300 കോടി രൂപയുടെ വായ്പാത്തട്ടിപ്പാണ് ഇപ്പോള്‍ സിബിഐയും ഇഡിയും അന്വേഷിക്കുന്നത്.

Top