തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്; മന്ത്രി സജി ചെറിയാനെതിരെ ദീപിക ദിനപത്രത്തില്‍ മുഖപ്രസംഗം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശങ്ങളില്‍ മന്ത്രി സജി ചെറിയാനെതിരെ ദീപിക ദിനപത്രത്തിന്റെ മുഖപ്രസംഗം. ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ അവഹേളിക്കുന്ന മന്ത്രിമാരും അവര്‍ക്കൊത്താശ ചെയ്യുന്ന മന്ത്രിമാരും തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നാണ് വിമര്‍ശനം. സജി ചെറിയാന്റെ വിടുവായത്തം തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ദീപിക ദിനപത്രം വിമര്‍ശിക്കുന്നു. നവകേരള സദസില്‍ ബിഷപ്പുമാര്‍ പങ്കെടുത്തപ്പോള്‍ സജി ചെറിയാന് രോമാഞ്ചമുണ്ടായതാണ്. ഈ സാഹചര്യത്തിലൊന്നും സജി ചെറിയാന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താത്തത് എന്താണെന്നും മുഖപ്രസംഗം ഉന്നയിക്കുന്നു.

കെ ടി ജലീല്‍ എംല്‍എയുടെ പരാമര്‍ശത്തിനെതിരെയും പത്രം വിമര്‍ശനമുന്നയിക്കുന്നുണ്ട്. കെസിബിസിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചപ്പോള്‍ അതില്‍ മുസ്ലിം ലീഗ് നേതാക്കളും ബിജെപി നേതാക്കളും പങ്കെടുത്തിരുന്നു. ഇതിനെതിരായി ജലീല്‍ പറഞ്ഞ പ്രതികരണത്തോടാണ് ദീപിക പത്രത്തിന്റെ വിമര്‍ശനം.

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ക്കെതിരെയാണ് മന്ത്രി സജി ചെറിയാന് വിമര്‍ശിച്ചത്. മന്ത്രിയുടെ പ്രതികരണത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സഭയുടെ പോഷക സംഘടനകളുടെ നേതൃത്വത്തില്‍ വിമര്‍ശനം ഉന്നയിച്ചേക്കും. മണിപ്പൂര്‍ വിഷയം ഉയര്‍ത്തി പ്രതിക്കൂട്ടില്‍ നിര്‍ത്തുവാനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രിയുടെ വിരുന്നില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന വാദം ഉയര്‍ത്തിയാണ് സഭ നേരിടുന്നത്. വിഷയത്തില്‍ സജി ചെറിയാന് പിന്തുണ നല്‍കുന്ന പരാമര്‍ശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.അതേസമയം സഭാ നേതൃത്വത്തിന് പിന്തുണ നല്‍കുന്ന നിലപാട് തുടരാനാണ് കോണ്‍ഗ്രസിന്റയും ബി.ജെ.പിയുടെയും നീക്കം.

Top