അഫ്ഗാനിസ്ഥാന്‍ ഭീകരതാവളമാക്കരുത്; ആശങ്കയറിയിച്ച് ഇന്ത്യയും അമേരിക്കയും

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനെ ഭീകരരുടെ താവളമാക്കരുതെന്ന് താലിബാനോട് ഇന്ത്യയും അമേരിക്കയും. അഫ്ഗാനിസ്ഥാനിലെ പാക് ഇടപെടലില്‍ ഇരു രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. ഭീകര സംഘടനകളെ ആരും പ്രോത്സാഹിപ്പിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞു.

ആഗോള സുരക്ഷ, അതിര്‍ത്തി കടന്നുള്ള ഭീകരവാദം, സുരക്ഷിതവും തുറന്നതുമായ ഇന്തോ-പസഫിക് മേഖല, കൊവിഡിനെ നേരിടല്‍ തുടങ്ങിയ വിഷയങ്ങളും മോദി ബൈഡന്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. യു എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

കൂടാതെ, ഇന്ത്യയില്‍ നൂറു കോടി വാക്‌സീന്‍ ഉല്‍പ്പാദിപ്പിക്കാന്‍ അമേരിക്കയും ജപ്പാനും സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രസിഡന്റ് ബൈഡന്‍ ക്വാഡ് ഉച്ചകോടിയില്‍ പറഞ്ഞു. വ്യാപാര ബന്ധം ശക്തിപ്പെടുത്തണമെന്ന് മോദി ബൈഡനോട് ആവശ്യപ്പെട്ടു. നൂറ് കോടി ഡോസ് വാക്‌സീന്‍ ഇന്ത്യയില്‍ ഉത്പാദിക്കുമെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റായ ശേഷം മോദിയുമായി നടത്തുന്ന ബൈഡന്റെ ആദ്യ ഉഭയകക്ഷി ചര്‍ച്ചയായിരുന്നു. കൂടിക്കാഴ്ച ഇന്തോ-യു.എസ് ബന്ധത്തില്‍ പുതിയ അദ്ധ്യായമാണെന്ന് ബൈഡന്‍ പറഞ്ഞു. ഇന്ത്യയും യു.എസും ഒന്നിച്ചാല്‍ നിരവധി ആഗോള വെല്ലുവിളികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top