കേരളത്തിന്റെ മതേതര മഹിമ തകര്‍ക്കുന്ന ദുഷ്ട ശക്തികളെ വെറുതെ വിടരുത്; കെ ടി ജലീല്‍

മലപ്പുറം: കളമശേരിയിലെ സ്ഫോടനത്തിലെ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് കെടി ജലീല്‍. സംഭവം അങ്ങേയറ്റം അപലപനീയവും ആശങ്കാജനകവുമാണ്. കുറ്റക്കാര്‍ ഏതു മാളത്തില്‍ പോയി ഒളിച്ചിരുന്നാലും അവരെ നിയമത്തിന്റെ മുന്നില്‍ എത്രയും വേഗം എത്തിക്കണം. ആരായാലും അവര്‍ക്ക് നിയമം ഉറപ്പാക്കുന്ന കടുത്ത ശിക്ഷ നല്‍കണം. കേരളത്തിന്റെ മതേതര മഹിമ തകര്‍ക്കാന്‍ സംസ്ഥാനത്തിനകത്തും പുറത്തും കോപ്പുകൂട്ടുന്ന ദുഷ്ട ശക്തികളെ ഒരു കാരണവശാലും വെറുതെ വിടരുത് എന്നും ജലീല്‍ ആവശ്യപ്പെട്ടു.

അതേസമയം കളമശ്ശേരിയിലെ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കീഴടങ്ങിയ ആള്‍ കൊച്ചി സ്വദേശിയാണെന്ന് വിവരം. 48 വയസ്സുള്ള മാര്‍ട്ടിനെന്നയാളാണ് പൊലീസില്‍ കീഴടങ്ങിയത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ കൊടകര പൊലീസ് സ്റ്റേഷനില്‍ നിന്ന് രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയിരിക്കുകയാണ് പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രഹസ്യമായി ചോദ്യംചെയ്യാനാണ് നീക്കം.

കളമശേരിയിലെ സ്‌ഫോടന അന്വേഷണത്തിന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയാണ് പൊലീസ്. സ്റ്റേഷനുകളുടെ അതിര്‍ത്തി അടച്ചുള്ള പരിശോധനയ്ക്ക് പൊലീസ് മേധാവി നിര്‍ദേശം നല്‍കി. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ് പൊലീസ്. കണ്ണൂരിലും ഒരാളെ സംശയത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. റയില്‍വേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.

ജില്ല അതിര്‍ത്തികളും അടച്ച് പരിശോധന നടത്തും. സംസ്ഥാന അതിര്‍ത്തികളില്‍ കൂടുതല്‍ സേന വിന്യാസം. മുഴുവന്‍ പോലീസ് സംവിധാനങ്ങളോടും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി. മൊഴികളുടെ അടിസ്ഥാനത്തില്‍ രേഖാ ചിത്രം തയ്യാറാക്കും. പോലീസ് മേധാവി ഹെലികോപ്റ്ററില്‍ കളമശേരിയില്‍ എത്തി.

Top