ബീഫ് കൈവശം വച്ച യുവാവിനെ തല്ലിക്കൊന്നത്‌ വര്‍ഗീയവത്കരിക്കരുത്‌: എം വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: ബീഫ് കൈവശം വച്ചെന്നാരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗഡില്‍ മുസ്ലീം യുവാവിനെ തല്ലിക്കൊന്ന സംഭവം വര്‍ഗീയവത്ക്കരിക്കരുതെന്ന് കേന്ദ്രമന്ത്രി എം വെങ്കയ്യ നായിഡു.

ജില്ലാതലത്തിലും സംസ്ഥാന തലത്തിലും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് അദ്ദേഹം അറിയിച്ചു.

ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്നും മതവുമായി ചേര്‍ത്തിണക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മാരുതി വാനില്‍ ഇറച്ചിയുമായി പോകുമ്പോഴായിരുന്നു അലീമുദ്ദീന്‍ അസ്ഗറിനു നേരെ ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. സംഭവ സ്ഥലത്തെത്തിയ പൊലിസ് സംഘം അസ്ഗറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇത് വ്യക്തമായ പദ്ധതി പ്രകാരം നടത്തിയ കൊലപാതകമാണെന്ന് സംസ്ഥാന പൊലിസ് മേധാവി ആര്.കെ മാലിക് പറഞ്ഞു.

ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് അതിക്രമിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെയും ജനങ്ങളുടെ ജീവന്‍ അപഹരിക്കുന്ന പ്രവര്‍ത്തികളെയും അപലപിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു.

Top