ദുരിതാശ്വാസനിധി വകമാറ്റരുത് ; പ്രധാനമന്ത്രിക്ക് കെ.സി വേണുഗോപാല്‍ എം.പിയുടെ കത്ത്

ന്യൂഡല്‍ഹി : പ്രധാനമന്ത്രിക്ക് കെ.സി വേണുഗോപാല്‍ എം.പിയുടെ കത്ത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ വരുന്ന തുക കേരളത്തിന് തന്നെ കിട്ടണം. ദുരിതാശ്വാസനിധിയിലേക്ക് ഇപ്പോള്‍ വരുന്ന തുക കേരളത്തിന് വേണ്ടി നല്‍കുന്നതാണ്, വകമാറ്റരുതെന്ന് ചട്ടത്തില്‍ വ്യവസ്ഥ ഇല്ലാത്തത്‌കൊണ്ടാണ് നിവേദനമെന്നും എം.പി പറയുന്നു.

കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ യു.എ.ഇ ധനസഹായം പ്രഖ്യാപിച്ച വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു.

എത്ര രൂപ ധനസഹായം കേരളത്തിന് നല്‍കുമെന്ന് യുഎഇ പറഞ്ഞിരുന്നില്ലെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചു. 700 കോടിയുടെ കണക്ക് എവിടെ നിന്ന് വന്നു എന്നറിയില്ലെന്നുമാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പണം നല്‍കുമെന്ന കാര്യം അറിയിച്ചിരുന്നുവെന്നാണ് കേന്ദ്രവൃത്തങ്ങള്‍ നല്‍കുന്ന വിവരം.

അതേസമയം കേരളത്തിന് സാമ്പത്തിക സഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ നേരത്തെ വ്യക്തമാക്കിയിരുന്നു. നല്‍കേണ്ട ദുരിതാശ്വാസ സഹായം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ബന്ന അറിയിച്ചത്.

എന്നാല്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്കു നടപ്പാക്കാനുള്ള ശേഷിയുണ്ടെന്നതാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ള നിലപാട്. 2004 ന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സികളില്‍ നിന്നോ സാമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ല.

2004 ല്‍ ബിഹാര്‍ പ്രളയസമയത്ത് അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സ്വീകരിച്ച സാമ്പത്തിക സഹായമാണ് ഒടുവിലത്തേത്. സുനാമിയുണ്ടായപ്പോള്‍ വിദേശസഹായം വേണ്ടെന്നാണ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് സ്വീകരിച്ച നിലപാട്. ഉത്തരാഖണ്ഡ് പ്രളയമുണ്ടായപ്പോള്‍ ജപ്പാനും അമേരിക്കയും സഹായം നല്‍കാന്‍ തയാറായെങ്കിലും ഇന്ത്യ നിരാകരിച്ചിരുന്നു.

Top