മാസ്ക് മാറ്റരുത് ; ഇപ്പോൾ ബാധിക്കുന്ന വൈറസ് ഒമിക്രോൺ

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കോവിഡ് കേസുകള്‍ കൂടുന്നത് അടുത്ത തരംഗത്തിന്റെ സൂചനയായി കാണാനാകില്ലെന്ന് സർക്കാരിന്റെ വിദഗ്ധ സമിതി. വാക്സിനേഷൻ എടുത്തവർ കൂടുതലുള്ള പ്രദേശങ്ങളിൽ തരംഗം പ്രതീക്ഷിക്കുന്നില്ല. രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് പൊതുജനാരോഗ്യ പ്രശ്നമായി വളർന്നിട്ടില്ലെന്ന് സമിതി അംഗവും അസോ. പ്രഫസറുമായ ഡോ. അനീഷ് പറഞ്ഞു.

ഇപ്പോൾ ജനങ്ങളെ ബാധിക്കുന്ന വൈറസ് ഒമിക്രോൺ ആണ്. രോഗ തീവ്രത വർധിക്കുന്ന പ്രവണത കാണിക്കുന്നില്ല. രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടാത്തതിനാൽ തരംഗമായി കാണാനാകില്ല. കേസുകൾ വലിയ രീതിയിൽ കൂടിയാൽ പ്രശ്നമാകുമെന്നതിനാൽ മാസ്ക് ധരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും വിദഗ്ധസമിതി പറയുന്നു.

കോവിഡ് വാക്സിന് രോഗവ്യാപനത്തെ തടയാൻ കഴിയില്ല. വാക്സീൻ എടുത്തവർക്കും അണുബാധയുണ്ടാകും. രോഗതീവ്രത കുറയ്ക്കുക എന്നതാണ് വാക്സീന്റെ ഗുണം. അണുബാധ തടയാൻ മാസ്ക് അല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ‘മറ്റൊരു തരംഗത്തിന്റെ സാധ്യത ഇപ്പോഴില്ല, മാസ്ക് നിർബന്ധമായും ഉപയോഗിക്കാന്‍ ജനങ്ങൾ ശ്രദ്ധിക്കണം’– വിദഗ്ധസമിതി അംഗം ഡോ. കെ.പി.അരവിന്ദന്‍ പറയുന്നു. സംസ്ഥാനത്ത് 60 വയസിനു മുകളിലുള്ള 4.50 ലക്ഷത്തോളം പേർ രണ്ടാം ഡോസ് കോവിഡ് വാക്സീനെടുക്കാനുണ്ട്. 18–44 പ്രായപരിധിയിലുള്ള 21 ലക്ഷത്തോളം പേരാണ് രണ്ടാം ഡോസ് എടുക്കാനുള്ളത്.

Top