ഒരു വാര്‍ഡില്‍ പോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടിയെ ചുമക്കരുത്

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവു വന്ന കുട്ടനാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ജോസ്. കെ മാണി കറുത്ത കുതിരയാകും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നം അനുവദിച്ചതോടെ കുട്ടനാട് സീറ്റിന്റെ അവകാശം ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസിന് മാത്രമാണുള്ളത്. നിലവില്‍ യു.ഡി.എഫിന് പുറത്തായതിനാല്‍ ജോസ് കെ. മാണിയെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താന്‍ കുഞ്ഞാലിക്കുട്ടിയും ശ്രമിക്കുന്നുണ്ട്. ചെന്നിത്തലയും അനുനയ നീക്കങ്ങളുമായി സജീവമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യു.ഡി.എഫ് വിട്ട ജോസ് കെ മാണി അനാഥമാവില്ലെന്ന ഉറപ്പും നല്‍കി കഴിഞ്ഞു. കേരള കോണ്‍ഗ്രസ്സിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണ് സി.പി.എം.

കുട്ടനാട് മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ്സ് നിര്‍ണ്ണായക ഘടകമാണ്. അതില്‍ തന്നെ ജോസ്.കെ മാണി വിഭാഗത്തിനാണ് സ്വാധീനം. യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ്സ് സ്ഥിരമായി മത്സരിക്കുന്ന മണ്ഡലം കൂടിയാണിത്. അതുകൊണ്ട് തന്നെയാണ് ഇരു മുന്നണികളും ജോസ് കെ മാണിയെ ഒപ്പം നിര്‍ത്താന്‍ ഒരുപോലെ പരിശ്രമിക്കുന്നത്. അതേസമയം എടുത്ത് ചാടി എന്‍.സി.പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ഇടതുപക്ഷത്ത് ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്. മുന്നണിയോട് ആലോചിക്കാതെയാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഏകപക്ഷീയമായി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ജോസ് കെ മാണി ഇടതുമുന്നണിയിലെത്തിയാല്‍ കുട്ടനാട് സീറ്റ് നഷ്ടമാകുമെന്ന കണക്ക് കൂട്ടലിലിലായിരുന്നു ഈ നീക്കം. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസാണ് എന്‍.സി.പി സ്ഥാനാര്‍ത്ഥി. ഇയാള്‍ മത്സരിച്ചാല്‍ എട്ടു നിലയില്‍ പൊട്ടുമെന്നാണ് സി.പി.എം അണികള്‍ പോലും ഭയക്കുന്നത്. സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന ആവശ്യം സി.പി.എം പ്രവര്‍ത്തകരിലും ഇപ്പോള്‍ ശക്തമാണ്.

പാര്‍ട്ടിയും ഇടതുമുന്നണിയും ചര്‍ച്ച ചെയ്യാതെ എന്‍.സി.പി സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. സി.പി.ഐക്കും ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പാണുള്ളത്. ജോസ് കെ മാണി മനസ് തുറന്നാല്‍ കുട്ടനാട് സീറ്റ് ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസിനു നല്‍കാന്‍ സി.പി.എം സന്നദ്ധമാണ്. സി.പി.എം സീറ്റ് നിഷേധിച്ചാല്‍ എന്‍.സി.പിക്ക് അത് അനുസരിക്കുകയല്ലാതെ വേറെ നിവൃത്തിയുമില്ല. അത്രയ്ക്കും ദുര്‍ബലമാണ് ആ പാര്‍ട്ടി. യു.പി.എ സഖ്യകക്ഷിയായി കോണ്‍ഗ്രസും ശിവസേനയുമായി മഹാരാഷ്ട്രയില്‍ ഭരണം പങ്കിടുമ്പോഴും കേരളത്തില്‍ എന്‍.സി.പി മന്ത്രി സ്ഥാനത്ത് തുടരുന്നത് സി.പി.എമ്മിന്റെ ഔദാര്യം ഒന്നു കൊണ്ട് മാത്രമാണ്. മന്ത്രി സ്ഥാനം സി.പി.എം തിരിച്ചെടുത്താല്‍ പ്രതികരിക്കാനുള്ള ശേഷിപോലും കേരളത്തില്‍ എന്‍.സി.പിക്കില്ല. പാലായില്‍ എന്‍.സി.പിയിലെ മാണി സി കാപ്പന്‍ വിജയിച്ചതും സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തിന്റെ മികവിലാണ്. അതല്ലാതെ എന്‍.സി.പിയുടെ ശക്തികൊണ്ടോ മികവുകൊണ്ടോ ആയിരുന്നില്ല. ആളില്ലാ പാര്‍ട്ടിയായ എന്‍.സി.പിക്ക് എം.എല്‍.എ സ്ഥാനവും മന്ത്രി പദവിയുമൊക്കെ ലഭിക്കുന്നത് സി.പി.എമ്മിന്റെ കരുത്തിലാണ് ‘ ഇത് മറ്റാരെക്കാളും നന്നായി അറിയുന്നതും എന്‍.സി.പി നേതൃത്വത്തിനു തന്നെയാണ്.

അതേസമയം യു.ഡി.എഫില്‍ കോണ്‍ഗ്രസ്സും ധര്‍മ്മസങ്കടത്തിലാണ്. ജോസ് കെ മാണി യു.ഡി.എഫില്‍ മടങ്ങിയെത്തിയാല്‍ കുട്ടനാട് സീറ്റ് അവര്‍ക്ക് വിട്ടു നല്‍കേണ്ടി വരും. അങ്ങിനെയെങ്കില്‍ മുന്നണി വിടുമെന്ന ഭീഷണിയാണ് പി.ജെ ജോസഫ് മുഴക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് മണ്ഡലമായ കുട്ടനാട്ടില്‍ കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസിലെ ജേക്കബ് എബ്രഹാമായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആലപ്പുഴ ജില്ലാ പ്രസിഡന്റായ ജേക്കബ് എബ്രഹാമിന് തന്നെ സീറ്റ് നല്‍കണമെന്നതാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ നേതാവ് ജോസഫിനൊപ്പമാണെങ്കിലും അണികള്‍ ജോസ് കെ മാണി ക്കൊപ്പമാണെന്നതാണ് കുട്ടനാട്ടിലെയും സ്ഥിതി.
കേരള കോണ്‍ഗ്രസുകാര്‍ തമ്മിലടിച്ചപ്പോള്‍ 54 വര്‍ഷത്തെ കെ.എം മാണിയുടെ കുത്തകയാണ് പാലായില്‍ തകര്‍ന്നത്. മാണി സി കാപ്പന്‍ 2943 വോട്ടുകള്‍ക്ക് വലിയ അട്ടിമറി വിജയമാണ് ഇവിടെ നേടിയത്.

ജോസ് കെ. മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി ജോസ് ടോമിനെതിരെ ഇവിടെ ജോസഫ് വിഭാഗം പരസ്യമായാണ് രംഗത്തെത്തിയിരുന്നത്. ജോസഫിനെയും ജോസ് കെ മാണിയെയും ഒരുമിപ്പിച്ചു കൊണ്ടുപോകാനുള്ള കോണ്‍ഗ്രസ് നീക്കം വിജയം കാണാതിരുന്നതാണ് പാലായിലെ പരാജയത്തിന് കാരണമെന്നാണ് ലീഗും വിലയിരുത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ നേടിയ അട്ടിമറി വിജയത്തിനു ശേഷം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോന്നിയും വട്ടിയൂര്‍ക്കാവും കൈവിട്ടതും കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ഇതിനു മറുപടി നല്‍കാന്‍ കുട്ടനാട് പിടിച്ചെടുക്കണമെന്ന വികാരമാണ് കോണ്‍ഗ്രസിലിപ്പോഴുള്ളത്. തോമസ് ചാണ്ടിയുടെ വ്യക്തിബന്ധങ്ങളാണ് കുട്ടനാട്ടില്‍ ഇടതുപക്ഷത്തിന് നിര്‍ണ്ണായകമായിരുന്നത്. 4839 വോട്ടിന്റെ ഭൂരിപക്ഷമാണ് 2016ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നത്. സര്‍ക്കാരിനെതിരെയുള്ള ജനവികാരം വോട്ടായാല്‍ കുട്ടനാട് പിടിക്കാമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ ജോസ് കെ മാണിയുമായി ധാരണയിലായി സീറ്റ് വിട്ടു നല്‍കിയാല്‍ പി.ജെ ജോസഫ് ഇടതുമുന്നണിക്കൊപ്പം പോകുമെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.

നേരത്തെ ഇടതുപക്ഷത്ത് മന്ത്രിയായിരുന്ന ജോസഫ് കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ ഇടപെടലോടെയാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ച് കെ.എം മാണിക്കൊപ്പം ഒറ്റ പാര്‍ട്ടിയായി മാറിയിരുന്നത്. കേരള കോണ്‍ഗ്രസ് എം. യു.ഡി.എഫ് വിട്ടപ്പോഴും ഇടതുമുന്നണിയിലേക്ക് പോകാതെ പിടിച്ചു നിര്‍ത്തിയതും പി.ജെ ജോസഫായിരുന്നു. ജോസഫിനെ ഒപ്പം നിര്‍ത്തിയാണ് ഇടതുമുന്നണിയില്‍ ചേക്കേറാനുള്ള മാണിയുടെ നീക്കത്തെ കോണ്‍ഗ്രസ് നേതൃത്വം പൊളിച്ചിരുന്നത്. പാര്‍ട്ടി പിളരുമെന്നായതോടെയാണ് അന്ന് കേരള കോണ്‍ഗ്രസ് സമദൂര നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതമായിരുന്നത്. ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കേരള കോണ്‍ഗ്രസിനെ യു.ഡി.എഫിലെത്തിക്കുന്നതിലും ജോസഫിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. ഈ ഒറ്റ കാരണത്താലാണ് ജോസ് കെ. മാണിയേക്കാള്‍ ജോസഫ് യു.ഡി.എഫിന് പ്രിയപ്പെട്ടവനായി മാറിയിരുന്നത്. ജോസഫിന്റെ താല്‍പര്യം സംരക്ഷിക്കണമെന്ന നിലപാടിനാണ് കോണ്‍ഗ്രസില്‍ മുന്‍തൂക്കം. എന്നാല്‍ മുസ്ലീം ലീഗിന് ജോസ് കെ മാണിയോടാണ് താല്‍പ്പര്യം. അതു കൊണ്ടാണ് കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്. അനുരഞ്ജന നീക്കം വിജയം കണ്ടില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ ഈ നിലപാടിനൊപ്പം തന്നെയായിരിക്കും മുസ്ലിം ലീഗും നിലയുറപ്പിക്കുക.

കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍, ജോസ് കെ മാണി എന്ത് നിലപാടാണ് സ്വീകരിക്കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ഉറ്റു നോക്കുന്നത്. 54 വര്‍ഷം പാലായുടെ മാണിക്യമായി തിളങ്ങിയ കെ.എം മാണിയുടെ പാലാ സീറ്റ് ജോസഫുമായി ഇടഞ്ഞ് നഷ്ടപ്പെടുത്തിയ രാഷ്ട്രീയ വിവരക്കേടെന്ന ആക്ഷേപം കുട്ടനാട് ഉപതെരഞ്ഞെടുപ്പിലൂടെ യു.ഡി.എഫ് തിരുത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ജോസ് കെ മാണിയുമായി ധാരണയിലെത്തിയാല്‍ കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാനുള്ള നീക്കവും അണിയറയില്‍ സജീവമാണ്.

നേരത്തെ ജോസും ജോസഫും യു.ഡി.എഫിലുണ്ടായപ്പോള്‍ കുട്ടനാട് സീറ്റിന് ഒരുപോലെയാണ് അവകാശവാദം ഉന്നയിച്ചിരുന്നത്. അന്ന് കുട്ടനാട് സീറ്റ് ഏറ്റെടുത്ത് ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം. ലിജുവിനെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസില്‍ ധാരണയുണ്ടായത്. മത്സരിക്കാന്‍ ഇപ്പോഴും ലിജു റെഡിയുമാണ്. ജോസ് കെ മാണിയുടെ നിലപാടിനെ ആശ്രയിച്ചിലായിരിക്കും യു.ഡി.എഫും ഇനി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. ഇടതു പക്ഷവും ജോസ്.കെ മാണിക്കായി നീക്കങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ജോസഫ് വിഭാഗത്തിനാണ് യു.ഡി.എഫ് മണ്ഡലം വിട്ടു നല്‍കുന്നതെങ്കില്‍ അവരെ പരാജയപ്പെടുത്തുന്നതിനാണ് ജോസ്.കെ മാണി പ്രഥമ പരിഗണന നല്‍കുകയെന്നാണ് ലഭിക്കുന്ന വിവരം. യു.ഡി.എഫില്‍ നിന്നും പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗം, ‘കറുത്ത കുതിരയാകുന്ന’ അപൂര്‍വ്വ രാഷ്ട്രീയ സാഹചര്യത്തിനാണിപ്പോള്‍ കേരളവും സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

Top