കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കരുത്; നാല് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി സുപ്രീം കോടതി

ഡല്‍ഹി: കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം. നാല് സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പഞ്ചാബ്, ഡല്‍ഹി, യുപി, രാജസ്ഥാന്‍ സര്‍ക്കാരുകളോടാണ് വൈക്കോല്‍ കത്തിക്കുന്നത് തടയണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. കോടതി നിര്‍ദേശം നടപ്പാക്കാന്‍ ഡിജിപിമാരുടെയും ചീഫ് സെക്രട്ടറിയുടെയും മേല്‍നോട്ടത്തില്‍ പ്രാദേശിക എസ്എച്ച്ഒയെ ചുമതലപ്പെടുത്തി.

ഇതൊരു രാഷ്ട്രീയ യുദ്ധക്കളമല്ലെന്നും സുപ്രീം കോടതി. വായു മലിനീകരണ വിഷയത്തിലെ രാഷ്ട്രീയ കുറ്റപ്പെടുത്തല്‍ കളി അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു. ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ ആശങ്ക ഉയരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

വൈക്കോല്‍ കത്തിക്കുന്നത് അവസാനിപ്പിക്കണം. നിങ്ങള്‍ ഇത് എങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല, ഇത് നിങ്ങളുടെ ജോലിയാണ്. പക്ഷേ ഇത് നിര്‍ത്തണം. ഉടനെ എന്തെങ്കിലും ചെയ്യണം. ഇത് ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നതിന് തുല്യമാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് വൈക്കോല്‍ കത്തിക്കുന്നത് തടയാന്‍ കഴിയാത്തത്’-കോടതി ചോദിച്ചു.

Top