രജനി ചതിക്കരുത്, 2.0 ഇറങ്ങുന്നതിന് മുന്‍പ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കരുതെന്ന് !

ചെന്നൈ: ദ്രാവിഡ കക്ഷികള്‍ക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ച്‌കൊണ്ട് ആര്‍.കെ.നഗര്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന സാഹചര്യത്തില്‍ ബി.ജെ.പിയും നിലപാട് മാറ്റുന്നു.

മറ്റൊരു ബദല്‍ ഇല്ലാത്തതിനാലാണ് ശശികലയുടെ അനന്തിരവന്‍ ദിനകരന്‍ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചതെന്നാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്.

രജനിയോ കമല്‍ഹാസനോ രംഗത്തിറങ്ങിയാല്‍ ചിത്രം മാറുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ രജനിയെ രാഷ്ട്രീയ രംഗത്തിറക്കാന്‍ ബി.ജെ.പി സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.

രജനിയുമായി വ്യക്തിപരമായി ഏറെ അടുപ്പമുള്ള ആര്‍.എസ്.എസ് സൈതാന്തികന്‍ ഗുരുമൂര്‍ത്തി തന്നെയാണ് ഇതിനായി വീണ്ടും കളത്തിലിറങ്ങിയിരിക്കുന്നത്.

ഇത് ഫലം കണ്ടു എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ തമിഴകത്തുനിന്നും ലഭിക്കുന്നത്. തന്റെ രാഷ്ട്രീയ നിലപാട് 31ന് പ്രഖ്യാപിക്കുമെന്നാണ് രജനി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ രണ്ടു തവണ ഗുരുമൂര്‍ത്തിയുമായി ചര്‍ച്ച നടത്തി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കാനിരുന്ന രജനി സുഹൃത്തായ അമിതാഭ് ബച്ചന്റെ ഉപദേശം മാനിച്ചാണ് പിന്നോട്ട് പോയിരുന്നത്.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വ്യക്തിപരമായുള്ള അടുപ്പമാണ് ഇപ്പോള്‍ വീണ്ടും രജനിയുടെ മനംമാറ്റത്തിന് കാരണം. പ്രധാനമന്ത്രിയുടെ താല്‍പര്യം ഗുരുമൂര്‍ത്തിതന്നെ രജനിയെ അറിയിക്കുകയായിരുന്നു.

ഏത് നിമിഷവും സംസ്ഥാന സര്‍ക്കാര്‍ നിലംപൊത്തുമെന്നും രജനി സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നുമാണ് ആര്‍.എസ്.എസ് നിലപാട്.

ആര്‍.കെ നഗറില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി നോട്ടയ്ക്കും പിന്നിലായ സാഹചര്യത്തില്‍ ഇനി ‘നോട്ടപ്പിശക്’ ഉണ്ടാകാതിരിക്കാനാണ് തന്ത്രപരമായ ഈ നിലപാട്.

മോദിയും അമിത് ഷായും ഇതു സംബന്ധമായി രജനിയുമായി ഇതിനകംതന്നെ ആശയവിനിമയം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്വന്തം പാര്‍ട്ടി രൂപീകരിച്ച് രജനി തമിഴക ഭരണം പിടിച്ചെടുത്താല്‍ മോദിയുടെ രണ്ടാം ഊഴത്തിന് അത് കരുത്താകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

39 ലോക്‌സഭാ അംഗങ്ങളാണ് തമിഴകത്ത് നിന്നുള്ളത്. രാജ്യസഭയില്‍ 18 അംഗങ്ങള്‍ തമിഷകത്തെ പ്രതിനിധീകരിക്കുന്നുണ്ട്.

അതേസമയം 400 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ബ്രഹ്മാണ്ഡ സിനിമ 2.0യുടെ റിലീസ് നടക്കുന്നതിന് മുന്‍പ് ഒരു രാഷ്ട്രീയ പ്രഖ്യാപനവും രജനി നടത്തരുതെന്ന് സംവിധായകന്‍ ശങ്കര്‍ ആവശ്യപ്പെട്ടതായും സൂചനകളുണ്ട്.

‘യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്‍ വിജയിക്കണമെന്നും, 31ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും’ രജനികാന്ത് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ശങ്കര്‍ രംഗത്ത് വന്നിരിക്കുന്നത്.

സമാനമായ അഭിപ്രായം രജനിയുടെ മരുമകന്‍ ധനുഷിനുമുണ്ടത്രെ. ധനുഷ് നിര്‍മ്മിക്കുന്ന കാല കരികാലന്‍ എന്ന ചിത്രത്തിലെ നായകനും രജനി തന്നെയാണ്.

രാഷ്ട്രീയ പ്രവേശനം തമിഴകത്തെ രാഷ്ട്രീയ പാര്‍ട്ടികളെയും മറ്റൊരു വിഭാഗത്തെയും എതിരാക്കുന്നത് സിനിമയെ ബാധിക്കുമെന്ന പേടിയിലാണ് ശങ്കറും ധനുഷുമത്രെ.

രജനിയുടെ തീരുമാനം വൈകുകയും ഇതിനിടക്ക് സംസ്ഥാന സര്‍ക്കാര്‍ വീഴുകയും ചെയ്താല്‍ തല്‍ക്കാലം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിനും താല്‍പ്പര്യം.

Top