തുടര്‍ വിജയങ്ങളില്‍ അഹങ്കരിക്കരുത് ; ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് നായകന്‍

ലണ്ടന്‍: ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നേടിയ തുടര്‍ച്ചയായ രണ്ട് വിജയങ്ങളിലും അഹങ്കരിക്കരുതെന്ന് മുന്നറിയിപ്പുമായി ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്. പരമ്പരയില്‍ 2-0ന് മുന്നിലെത്തിയെന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ നോട്ടിംഗ്ഹാമില്‍ വിജയിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. യാഥാര്‍ത്ഥ്യബോധത്തോടെ മാത്രമെ ഇപ്പോള്‍ ചിന്തിക്കാനാവൂ. നോട്ടിംഗ്ഹാമിലും ലഭിക്കുന്ന അവസരങ്ങള്‍ മുതലെടുത്ത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമിക്കുക ജോ റൂട്ട് പറഞ്ഞു.

നോട്ടിംഗ്ഹാമില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിനെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും പരമ്പര തൂത്തുവാരുന്നതിനെക്കുറിച്ച് ചിന്തിച്ച് അനാവശ്യ സമ്മര്‍ദ്ദത്തിന് അടിപ്പെടാനില്ലെന്നും റൂട്ട് വ്യക്തമാക്കി.

ലോകത്തിലെ ഒന്നാം നമ്പര്‍ ടീമിനോടാണ് ഞങ്ങള്‍ കളിക്കുന്നത്. പ്രതിഭാധനരായ ഒരുപാട് താരങ്ങളുള്ള ഒരു ടീമിനെതിരെ. അതുകൊണ്ടുതന്നെ ഓരോ മത്സരവും ഞങ്ങള്‍ക്ക് മെച്ചപ്പെടാനുള്ള പുതിയ പാഠങ്ങളാണ് ഇംഗ്ലണ്ട് നായകന്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ ഇന്ത്യ 2-0ത്തിന് പിന്നിലാണ്. ആഗസ്റ്റ് 18ന് നോട്ടിംഗ്ഹാമിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്.

Top