സമാജ്‌വാദി പാര്‍ട്ടിയുടെ ഗുണ്ടകളെ ഭയപ്പെടരുത്; ബിജെപി അനുഭാവികളോട് യോഗി ആദിത്യനാഥ്

ലക്‌നോ: സമാജ്വാദി പാര്‍ട്ടിയുടെ ഗുണ്ടകളെ ഭയപ്പെടരുതെന്ന് ബിജെപി അനുഭാവികളോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് സമയത്ത് അറ്റകുറ്റപ്പണികള്‍ക്കായി അയച്ച ബുള്‍ഡോസറുകള്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു കഴിഞ്ഞാല്‍ മാര്‍ച്ച് 10ന് ശേഷം വീണ്ടും പ്രവര്‍ത്തിക്കുമെന്നും യോഗി പറഞ്ഞു.

യുപി നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും ബുള്‍ഡോസറുകള്‍ പ്രവര്‍ത്തിപ്പിക്കുമോയെന്ന് സമാജ്വാദി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ചോദിച്ചിരുന്നു. ക്രിമിനലുകളെ തുരത്താനാണ് ബുള്‍ഡോസറുകള്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ കുറച്ചുകാലത്തേക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും ബുള്‍ഡോസറുകള്‍ വിശ്രമിത്തിലാണെന്നും മറുപടി നല്‍കിയതായി യോഗി പറഞ്ഞു.

സമാജ്വാദി പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ മെയിന്‍പുരിയിലെ കര്‍ഹാല്‍ നിയമസഭാ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയപ്പോഴാണ് യോഗിയുടെ മറുപടി. അധ്യക്ഷന്‍ അഖിലേഷ് യാദവാണ് മെയിന്‍പുരിയില്‍ എസ്പിക്കായി മത്സരിക്കുന്നത്. അഖിലേഷിന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. യാദവ ഭൂരിപക്ഷമുള്ള മണ്ഡലമാണ് കര്‍ഹാല്‍.

 

Top