Do not barrier the vigilance investigations; Ordered bay Rahul Gandhi

ന്യൂഡല്‍ഹി : ബാര്‍ കോഴക്കേസില്‍ കേരളത്തില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണങ്ങളെ തടസ്സപ്പെടുത്തുന്ന നടപടി സ്വീകരിക്കരുതെന്ന് ഹൈക്കമാന്റ് നിര്‍ദ്ദേശം.

മുന്‍മന്ത്രി കെ ബാബു ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കെതിരായ അന്വേഷണങ്ങളെ രാഷ്ട്രീയപ്രേരിതമായി അവതരിപ്പിച്ച എ വിഭാഗം നേതാക്കളുടെ വാദം തള്ളിയാണ് ഹൈക്കമാന്റ് നിര്‍ദ്ദേശം.

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറയുന്നതാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നിലപാടെന്നും ഇക്കാര്യത്തില്‍ മറിച്ചൊരു നിലപാട് നേതാക്കള്‍ സ്വീകരിക്കരുതെന്നുമാണ് ഹൈക്കമാന്റ് നിലപാട്.

കേസ് സംബന്ധമായി സുധീരനുമായുള്ള ആശയവിനിമയത്തിന് ശേഷം കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, ദീപക് ബാബ്‌റ എന്നിവരോട് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസി നേതൃയോഗത്തിലും രാഷ്ട്രീയകാര്യ സമിതിയിലും ഇവര്‍ നിലപാട് അറിയിക്കും.

അടുത്തവര്‍ഷം രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന ചീത്തപ്പേര് ഏറ്റുവാങ്ങാന്‍ കഴിയില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.

ബാബുവടക്കം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാരായി ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍ നിയമത്തിന്റെ മുന്നില്‍ നിരപരാധിത്വം ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

വിജിലന്‍സ് കുറ്റവാളിയായി കണ്ടെത്തി കുറ്റപത്രം സമര്‍പ്പിച്ചാല്‍ പിന്നെ ഏത് ഉന്നത നേതാവായാലും കോടതി വെറുതെ വിടുന്നത് വരെ പാര്‍ലമെന്ററി രംഗത്ത് നിന്ന് മാറി നില്‍ക്കണമെന്നും, അതല്ലെങ്കില്‍ പാര്‍ട്ടി തന്നെ മാറ്റി നിര്‍ത്തുമെന്നുമാണ് രാഹുല്‍ വിശ്വസ്തരെ അറിയിച്ചിരിക്കുന്നത്.

കേരളത്തിലെ എ-ഐ ഗ്രൂപ്പുകളുടെ ചങ്കിടിപ്പിക്കുന്നതാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്റെ ഇപ്പോഴത്തെ നിലപാട്.

സംസ്ഥാനത്തെ കോണ്‍ഗ്രസ്സില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന ഗ്രൂപ്പുകളുടെ ആവശ്യം തള്ളി സുധീരന്റെ നിര്‍ദ്ദേശം പരിഗണിച്ച് പുന:സംഘടന നടത്താനുള്ള ഹൈക്കമാന്റ് നിര്‍ദ്ദേശത്തിന് പിന്നാലെയുള്ള വലിയ തിരിച്ചടിയായാണ് ഇപ്പോള്‍ വിജിലന്‍സ് കേസുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്.

അഴിമതിരഹിതരായ പുതിയ ഒരു ടീമിനെ ഉയര്‍ത്തിക്കൊണ്ട് വരാനാണ് രാഹുല്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന.

അറുപത് വയസ്സ് കഴിഞ്ഞവരെ ഡിസിസി അധ്യക്ഷന്മാരായി പരിഗണിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശം രാഹുല്‍ നല്‍കിയതും ഇതിന്റെ ഭാഗമായാണ്. ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലങ്ങളില്‍ പ്രവര്‍ത്തന മികവ് കാണിച്ചവരെ മാത്രമേ നേതൃരംഗത്തേക്ക് ഉയര്‍ത്തിക്കൊണ്ട് വരു. ഹൈക്കമാന്റിന്റെ ഈ നിര്‍ദ്ദേശങ്ങള്‍ ശനിയാഴ്ച ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വസ്‌നിക് അവതരിപ്പിക്കും.

ഗ്രൂപ്പ് വീതം വെപ്പിന്റെ മുനയൊടിക്കുന്ന ഈ നീക്കം സുധീരന്‍-രാഹുല്‍ ‘ധാരണ’യുടെ പുറത്താണെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങള്‍ ആരോപിക്കുന്നത്.

Top