തരൂരിനേയും കെ വി തോമസിനേയും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി കെപിസിസി

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറുകളില്‍ സിപിഎം ക്ഷണ പ്രകാരം ശശി തരൂരും കെ വി തോമസും പങ്കെടുക്കുന്നത് വിലക്കി കെപിസിസി. നീതി രഹിതമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സിപിഎമ്മുമായി ഒരു സഹകരണവുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി. ബിജെപിയുടെയും എസ്ഡിപിഐയുടേയും പരിപാടികളില്‍ പോകാന്‍ മടിയില്ലാത്തവരാണ് കോണ്‍ഗ്രസെന്നും ജനം ഇത് തിരിച്ചറിയുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരിച്ചടിച്ചു.

കോണ്‍ഗ്രസില്‍ അര്‍ഹമായ പരിഗണ കിട്ടുന്നില്ലെന്നാരോപിച്ച് മാസങ്ങളായി ഇടഞ്ഞ് നില്‍ക്കുന്ന നേതാവാണ് കെവി തോമസ്. വികസന കാര്യങ്ങളില്‍ പാര്‍ട്ടിക്കതീതമായി നിലപാടെടെക്കുകയും പിണറായിയെ പൊതുവേദിയില്‍ പോലും പ്രശംസിക്കാനും മടി കണിക്കാത്ത നേതാവാണ് ശശി തരൂര്‍. ഇരുവരേയും 23-ആം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള സെമിനാറുകളിലേക്ക് സിപിഎം ക്ഷണിച്ചിരുന്നു. മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലെ സെമിനാറിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലുള്ള സെമിനാര്‍ വേദിയിലേക്കാണ് കെ വി തോമസിനെ സി പി എം ക്ഷണിച്ചിരിക്കുന്നത്.

എന്നാല്‍ സിപിഎമ്മിന്റെ ഈ നീക്കം സുധാകരന് ദഹിച്ചിട്ടില്ല. സിപിഎം പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമല്ലെന്നും കോണ്‍ഗ്രസിനെ ദ്രോഹിക്കുന്ന സി പി എമ്മുമായി ഒരു സഹകരണത്തിനും തയ്യാറല്ലെന്നുമാണ് കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്. കോണ്‍ഗ്രസ് സമരങ്ങള്‍ അടിച്ചമര്‍ത്തുന്ന പിണറായി സര്‍ക്കാര്‍ നയം കൂടി കണക്കിലെടുത്താണ് പോകേണ്ടെന്ന തിട്ടൂരം.

എന്നാല്‍ സിപിഎമ്മിനോട് കാണിക്കുന്ന അയിത്തം കോണ്‍ഗ്രസിന് ബിജെപിയോടും എസ്ഡിപിഐയോടും ഇല്ലെന്നാണ് കോടിയേരിയുടെ പ്രത്യാക്രമണം. പാര്‍ട്ടി വിലക്ക് ധിക്കരിച്ച് ശശി തരൂരും കെവി തോമസും ഇനി സെമിനാറിന് എത്തുമോ എന്ന സസ്‌പെന്‍സാണ് ഇനി ബാക്കിയാകുന്നത്.

Top