DNA test result; pappu is not jisha’s father says jomon

കൊച്ചി : ജിഷ കൊലകേസില്‍ പ്രതിയെ പിടിച്ച് 54 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം നല്‍കാതെ പൊലീസിന്റെ ഒളിച്ചുകളി.

പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ അറസ്റ്റ്‌ചെയ്തത് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പോലും പുറത്ത് വിടാതെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ എല്ലാം പറയാമെന്നായിരുന്നു ഡിജിപി പ്രതികരിച്ചിരുന്നത്.

എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് അനന്തമായി നീട്ടികൊണ്ടുപോവുക വഴി ‘ യഥാര്‍ത്ഥ ‘ വില്ലന്‍മാരെ രക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായാണ് ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

മുതിര്‍ന്ന യുഡിഎഫ് നേതാവിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് എഡിജിപി സന്ധ്യക്ക് മുന്നില്‍ മൊഴി നല്‍കിയ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍ പുരക്കല്‍ ഞെട്ടിക്കുന്ന ചില വിവരങ്ങളാണ് ഒരു സ്വകാര്യ ചാനലില്‍ കൂടി കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്‍ പാപ്പുവിനെ ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ അച്ഛന്‍ പാപ്പുവല്ലെന്ന് തെളിഞ്ഞതായാണ് ജനം ടിവിയിലുടെ ജോമോന്‍ വെളിപ്പെടുത്തിയത്.

ഡിഎന്‍എ ടെസ്റ്റിന്റെ റിപ്പോര്‍ട്ട് പൊലീസ് പുറത്ത് വിടണമെന്നും കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ കാലതാമസം ഉന്നതരെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്നുമാണ് അദ്ദേഹത്തിന്റെ ആക്ഷേപം.

താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ പകുതി കാര്യം ശരിയാണെന്ന് ഡിഎന്‍എ ടെസ്റ്റ് ഫലം സ്ഥിരീകരിക്കുന്നതായി ജോമോന്‍ പ്രതികരിച്ചു.

ജിഷയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനമാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് പ്രതി അമീര്‍ ഉള്‍ ഇസ്ലാം മൊഴി നല്‍കിയിരിക്കുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നതെങ്കിലും വീട്ടില്‍ അമീറിന്റേതല്ലാതെ കണ്ട മറ്റെരു വിരലടയാളം സംബന്ധിച്ച് പൊലീസിന് തുമ്പൊന്നും ലഭിക്കാത്തത് പ്രേസിക്ക്യൂഷന്‍ ഭാഗത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നാണ് നിയമ വിദഗ്ദ്ധരും ചൂണ്ടി കാണിക്കുന്നത്.

ഇത്തരത്തില്‍ മൃഗീയമായി കൊല ചെയ്യാനുള്ള ഒരു പക നിസാര കാര്യത്തിന് പ്രതിക്കുണ്ടാവാനുള്ള കാരണവും ഇതുവരെ യുക്തമായി അവതരിപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഈ സന്ദര്‍ഭത്തിലാണ് ഡിഎന്‍എ ടെസ്റ്റ് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി ജോമോന്‍ പുത്തന്‍ പുരക്കല്‍ രംഗത്തെത്തിട്ടുള്ളത്.

Top