മക്കളുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന ; 77കാരന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

kerala-high-court

കൊച്ചി: മക്കളുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. തൃശൂര്‍ വലപ്പാട് സ്വദേശിയായ ഏഴുപത്തേഴുകാരന്‍ സമര്‍പ്പിച്ച ഹര്‍ജിയാണു തള്ളിയത്. തന്റെ 68 വയസുള്ള ഭാര്യയ്ക്കു പരപുരുഷ ബന്ധമുണ്ടെന്നാരോപിച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ കാര്യത്തില്‍ പിതൃത്വവും ജീവനാംശവുമൊക്കെ നിര്‍ണയിക്കാന്‍ ഡിഎന്‍എ പരിശോധയ്ക്ക് ഉത്തരവിടുന്നതില്‍ തെറ്റില്ലെന്നും ഈ കേസില്‍ മക്കള്‍ പ്രായപൂര്‍ത്തിയായവരാണെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യത, അന്തസ്, ആത്മാഭിമാനം എന്നീ കാരണങ്ങളാല്‍ മക്കള്‍ ടെസ്റ്റിനോടു സഹകരിച്ചില്ലെങ്കില്‍ കോടതിക്ക് ഒന്നും ചെയ്യാനാവില്ലെന്നും പ്രായപൂര്‍ത്തിയായ മക്കളോട് രക്തസാമ്പിള്‍ പരിശോധനയ്ക്കു നല്‍കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി അറിയിച്ചു.

പിതൃത്വം തെളിയിക്കാനല്ല, ഭാര്യയുടെ പരപുരുഷബന്ധം പുറത്തുകൊണ്ടുവരാനാണ് ഹര്‍ജിക്കാരന്‍ ഡിഎന്‍എ പരിശോധന ആവശ്യപ്പെടുന്നതെന്നും ഇതനുവദിക്കരുതെന്നു മക്കള്‍ വാദിച്ചു. ഡിഎന്‍എ ടെസ്റ്റിന് ഉത്തരവിടുന്നതുപോലും സാധുവായ വിവാഹബന്ധത്തില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് അപമാനമുണ്ടാക്കും. ആ നിലയ്ക്കു ഹര്‍ജി തള്ളിയ കുടുംബക്കോടതിയുടെ വിധിയില്‍ തെറ്റില്ലന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Top