കോഴിക്കോട് റിവേഴ്‌സ് ക്വാറന്റീന്‍ ശക്തമാക്കണമെന്ന് ഡിഎംഒ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ കൂടുതലും പ്രായം കൂടിയവരായതിനാല്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ. ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച 26 പേരില്‍ 22 പേരും 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്.

വീടുകളില്‍ കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ ഉണ്ടെങ്കില്‍ പ്രായം കൂടിയവര്‍ക്ക് പ്രത്യേക മുറി ഒരുക്കുകയോ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുകയും വേണം. വീടുകളില്‍ സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ അവരെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിക്കുന്നതാണ് അനുയോജ്യം. കാന്‍സര്‍ രോഗികള്‍, വൃക്ക, ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവരാണ് ജില്ലയില്‍ കൂടുതലായി കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കോഴിക്കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ എലിപ്പനി കേസുകളും അതിനോടനുബന്ധിച്ച മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എലിപ്പനി രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ശുചീകരണ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍, കന്നുകാലി പരിചരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, പാടങ്ങളിലും മറ്റും കൃഷി ചെയ്യുന്നവര്‍, മലിനജല സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവരില്‍ രോഗസാധ്യത കൂടുതലാണ്. പനി, പേശിവേദന, തലവേദന, വയറുവേദന, ഛര്‍ദ്ദി, ഓക്കാനം, കണ്ണിന് ചുവപ്പ് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഇവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ മുഖേന ഗുളിക സൗജന്യമായി ലഭിക്കുമെന്നും ഡിഎംഒ അറിയിച്ചു.

Top