ഡിഎംകെ യുവജന വിഭാഗം സമ്മേളനം ഇന്ന്. സേലത്ത് നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും. മകനും യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിന്‍ ആണ് നേതൃത്വം വഹിക്കുന്നത്.
ദ്രാവിഡ പ്രസ്ഥാനം, കൃഷി, സംസ്‌കാരം, കായികം, ആയോധനകല, സിനിമ തുടങ്ങി തമിഴ് സംസ്‌കാരവും അതിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രതിപാദിക്കുന്ന പ്രദര്‍ശനങ്ങള്‍ വേദിയിലുണ്ടാകും.ഇതിനിടെ ഇന്നലെ സമ്മേളനത്തിന് മുന്നോടിയായി നടന്ന ഡ്രോണ്‍ ഷോയില്‍ ഉദയനിധിയുടെ മകന്‍ ഇന്‍പനിധിക്ക് വേദിയില്‍ ഇരിപ്പിടം നല്‍കിയതും ചര്‍ച്ച ആയിട്ടുണ്ട്.
ഡിഎംകെയുടെ യുവജന സമ്മേളന റാലിയില്‍ അഞ്ച് ലക്ഷം കേഡര്‍മാര്‍ പങ്കെടുക്കുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.പരിപാടിക്കായി 1200 സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും.ഉച്ചയ്ക്ക് ശേഷം ആണ് പ്രമേയങ്ങള്‍ പരിഗണിക്കുന്നത്. കായിക മന്ത്രിയായ ഉദയനിധിയെ ഉപമുഖ്യമന്ത്രി ആക്കണമെന്ന പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിക്കുമോയെന്ന ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്.വൈകിട്ട് ആറിന് ശേഷം സമാപന സമ്മേളനം നടക്കും.