സ്ത്രീകളെ പൂജാരിമാരായി നിയമിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം സ്വഗതം ചെയ്ത് ഡിഎംകെ

ചെന്നൈ: സ്ത്രീകളെ പൂജാരിമാരായി നിയമിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം സ്വാഗതം ചെയ്ത് ഡിഎംകെ. കരുണാനിധി തുടക്കമിട്ടതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ഡിഎംകെ പ്രതികരണം.

2006 ല്‍ ബ്രാഹ്‌മണരല്ലാത്തവരെ പൂജാരിമാരാക്കാനുള്ള തീരുമാനം കരുണാനിധി സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുവരുത്തുമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പ്രതികരിച്ചു.

സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കുമെന്നും താല്‍പര്യമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കുമെന്നുമാണ് തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

നിലവില്‍ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകളെ നിയമിക്കും. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ ബാബു അറിയിക്കുകയും ചെയ്തു. ഇതിനെ അനുകൂലിച്ചാണ് ഡിഎംകെ രംഗത്തെത്തിയത്.

തമിഴ്‌നാട്ടില്‍ മുപ്പതിലധികം ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ പൂജാരിമാരുടെ ഒഴിവുണ്ട്. പുരുഷന്‍മാര്‍ മാത്രം പൂജാരിമാരായുള്ള ക്ഷേത്രങ്ങളുണ്ട്. പരിശീലനം നേടിയ താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് എല്ലാ ക്ഷേത്രങ്ങളിലും പൂജനടത്താന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ അനുകൂല നിലപാടാണ് ഉണ്ടായത്. മുഖ്യമന്ത്രി സ്റ്റാലിന്‍ ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും. സര്‍ക്കാര്‍ തീരുമാനത്തോട് അണ്ണാഡിഎംകെയും ബിജെപിയും പ്രതികരിച്ചിട്ടില്ല.

അതേസമയം സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് ചില ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പൂജാരിമാര്‍ ഉള്‍പ്പെടുന്ന ഹിന്ദു ചാരിറ്റബിള്‍ ട്രസ്റ്റ് യോഗം വിളിച്ചു.

 

Top