‘പിഎം നരേന്ദ്രമോദി’ സിനിമ സ്റ്റേ ചെയ്യണം; ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

ചെന്നൈ: നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി നിര്‍മിക്കുന്ന ‘പിഎം നരേന്ദ്രമോദി’ എന്ന ചിത്രം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഡിഎംകെ രംഗത്ത്. ഇക്കാര്യം ഉന്നയിച്ച് ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ലോക് സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത് വരെ ചിത്രം ബാന്‍ ചെയ്യണമെന്നും കത്തില്‍ ഡിഎംകെ ആവശ്യപ്പെടുന്നു.

മോദിയുടെ രാഷ്ട്രീയ ജീവിതം ചിത്രീകരിക്കുന്ന പിഎം നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് സമയത്ത് സമ്മതിദായകരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡിഎംകെയുടെ വാദം.ഗുജറാത്ത്, ഉത്തരാഖണ്ഡ്‌ മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തികരിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി മഞ്ഞിലൂടെ നടന്ന് മോദിയുടെ റോള്‍ അവതരിപ്പിക്കുന്ന വിവേക് ഒബ്‌റോയിക്ക് പരിക്ക് പറ്റിയത് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു.

മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത് എന്നാണ് സംവിധായകന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്.

Top